വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി പൊലീസ്

കാഞ്ഞങ്ങാട്: വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പു നടത്തുന്ന രീതി വ്യാപകമാകുന്നതായി പൊലീസ് മുന്നറിയിപ്പ്. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ദുരുപയോഗപ്പെടുത്തി, വ്യക്തിഗത വിവരങ്ങള്‍ കൈവശപ്പെടുത്തല്‍, ആള്‍മാറാട്ടം നടത്തിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ തുടങ്ങി നിരവധി സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തി സാമ്പത്തിക നഷ്ടവും മാനഹാനിയും ഉണ്ടാക്കുന്നതായാണ് വിവരം.
തട്ടിപ്പുകാര്‍ ഫോണില്‍ വിളിച്ച് വിശ്വാസം നേടിയെടുക്കുകയോ, എസ്എംഎസ് - എ.പി കെ പോലുള്ളവ ഫോണില്‍ അയച്ചു ഒ.ടി.പി ഉള്‍പ്പെടെയുള്ളവ കൈക്കലാക്കുകയും തുടര്‍ന്ന് അക്കൗണ്ടുകള്‍ അവരുടെ ഫോണിലോ ലാപ്‌ടോപ്പിലോ ലോഗിന്‍ ചെയ്യുകയും ചെയ്യുന്നു. അക്കൗണ്ട് ഉടമ വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്ത് തിരികെ ഉപയോഗിക്കാനുള്ള ശ്രമത്തില്‍ ഒ.ടി.പി നല്‍കാന്‍ കഴിയാതെ 12 മുതല്‍ 24 മണിക്കൂര്‍ വരെ വാട്‌സ്ആപ്പ് പ്രവര്‍ത്തന രഹിതമാകുന്നു . ഈ സമയം ഹാക്കര്‍മാര്‍ ഉടമയുടെ പേരില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പണം ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജ സന്ദേശങ്ങള്‍ അയയ്ക്കുകയും, അപകടകരമായ എ.പി.കെ ലിങ്കുകളും പ്രചരിപ്പിക്കുകയും ഇതിലൂടെ മറ്റുള്ളവരുടെ അക്കൗണ്ടുകള്‍ കൂടി ഹാക്ക് ചെയ്യപ്പെടുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള തട്ടിപ്പിനെ പ്രതിരോധിക്കാന്‍ വാട്‌സ്ആപ്പില്‍ 2-സ്റ്റെപ്പ് വെരിഫിക്കേഷന്‍ ഉടന്‍ സജ്ജമാക്കണമെന്നാണ് പൊലീസ് നിര്‍ദ്ദേശിക്കുന്നത് . ഫോണില്‍ വരുന്ന ഒ.ടി.പികള്‍ ഒരിക്കലും മറ്റാരുമായും പങ്കുവെക്കാതിരിക്കുക . അജ്ഞാതമായ ലിങ്കുകളിലോ എപികെ ഫയലുകളിലോ ഒരിക്കലും ക്ലിക്ക് ചെയ്യാതിരിക്കുക, സംശയാസ്പദമായി തോന്നുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കുക.തുടങ്ങിയ നിര്‍ദേശങ്ങളും പൊലീസ് നിരന്തരം നല്‍കുന്നുണ്ട്.ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നേരിടുകയോ, ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ ഉടന്‍ തന്നെ 1930 എന്ന സൗജന്യ നമ്പറില്‍ വിളിക്കുകയോ, https://cybercrime.gov.in വഴി പരാതികള്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യാം.