കേരള ക്രിക്കറ്റ് ലീഗില്‍ തിളങ്ങാന്‍ തുളുനാട്ടില്‍ നിന്ന് നാല് താരങ്ങള്‍

കാസര്‍കോട്: കേരളാ ക്രിക്കറ്റ് ലീഗില്‍ മികവ് കാട്ടാന്‍ കാസര്‍കോട്ട് നിന്ന് നാല് താരങ്ങള്‍. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ മുഹമ്മദ് അസ്ഹറുദ്ദീനും ശ്രീഹരി എസ്. നായര്‍ക്കും അന്‍ഫല്‍ പി.എമ്മിനുമൊപ്പം ഇത്തവണ മുഹമ്മദ് കൈഫും ക്രിക്കറ്റ് ലീഗിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരള ടീമിന്റെ ബാറ്റിങ് നെടുംതൂണായ മുഹമ്മദ് അസ്ഹറുദ്ദീനെ ആലപ്പി റിപ്പിള്‍സ് ഏഴര ലക്ഷം രൂപക്കാണ് നിലനിര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം അസ്ഹറുദ്ദീനായിരുന്നു ആലപ്പിക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. നാല് അര്‍ധ സെഞ്ച്വറികളടക്കം 410 റണ്‍സായിരുന്നു അസ്ഹറുദ്ദീന്‍ നേടിയത്. രഞ്ജി സെമി ഫൈനലിലെ ഉജ്ജ്വല സെഞ്ച്വറിയടക്കം കഴിഞ്ഞ സീസണിലാകെ മികച്ച ഫോമിലായിരുന്നു താരം. ഇത്തവണയും ഇത് തുടരാനായാല്‍ ആലപ്പിക്ക് മുതല്‍ക്കൂട്ടാവും. അസ്ഹറുദ്ദീനൊപ്പം നാട്ടുകാരനായ ശ്രീഹരി എസ്. നായരും ആലപ്പി റിപ്പിള്‍സ് ടീമിലുണ്ട്. കഴിഞ്ഞ വര്‍ഷം ട്രിവാണ്‍ഡ്രത്തിനായി കളിച്ച ശ്രീഹരിയെ നാല് ലക്ഷം രൂപക്കാണ് ആലപ്പി ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ഓള്‍ റൗണ്ടര്‍ അന്‍ഫല്‍ പള്ളത്തെ ഒന്നര ലക്ഷത്തിന് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് നിലനിര്‍ത്തുകയായിരുന്നു. പത്ത് ഇന്നിങ്സുകളിലായി 106 റണ്‍സ് നേടിയ അന്‍ഫല്‍ അഞ്ച് വിക്കറ്റുകളും നേടിയിരുന്നു. കൈഫിനെ ഒന്നര ലക്ഷം രൂപക്കാണ് ആലപ്പുഴ സ്വന്തമാക്കിയത്.