കാസര്‍കോട് ഗവ.കോളജിലെ മുന്‍ പ്രൊഫസര്‍ വി. ഗോപിനാഥന്‍ നിലമ്പൂരില്‍ കുഴഞ്ഞുവീണ് മരിച്ചു

പഠന യാത്രയ്ക്കിടെയായിരുന്നു അന്ത്യം

കാസര്‍കോട്: കാസര്‍കോട് ഗവ.കോളജിലെ മുന്‍ പ്രൊഫസറും സാമൂഹ്യ സാംസ്‌ക്കാരിക പരിസ്ഥിതി രംഗത്തെ നിറസാന്നിധ്യവുമായിരുന്ന വി ഗോപിനാഥന്‍(71) നിലമ്പൂരില്‍ കുഴഞ്ഞുവീണ് മരിച്ചു. പഠന യാത്രയ്ക്കിടെയായിരുന്നു അന്ത്യം. വിദ്യാനഗര്‍ ചിന്‍മയ കോളനിയിലായിരുന്നു താമസം. കാസര്‍കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ മാര്‍ട്ട് ക്ലബ്ബിലെ അംഗങ്ങള്‍ക്കൊപ്പം നിലമ്പൂരില്‍ പഠനയാത്രയ്‌ക്കെത്തിയപ്പോഴായിരുന്നു മരണം സംഭവിച്ചത്.

ചൊവ്വാഴ്ചയാണ് പഠന യാത്ര ആരംഭിച്ചത്. മലപ്പുറം ജില്ലയിലെ പഠന യാത്രയ്ക്കിടെ നിലമ്പൂരില്‍ വച്ച് അര്‍ദ്ധരാത്രിയോടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നുമാണ് സഹപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വീട്ടിലെത്തിക്കും. പ്രൊഫസറും കാസര്‍കോട് ഗവ. കോളജിലെ മുന്‍ പ്രിന്‍സിപ്പാളുമായിരുന്ന ശ്രീമതി അദ്ദേഹത്തിന്റെ ഭാര്യയാണ്. അമേരിക്കയില്‍ എന്‍ജിനീയറായ ശ്രുതി മനോജ്, കണ്ണൂരില്‍ ഡോക്ടറായ ശ്വേത എന്നിവര്‍ മക്കളാണ്.

Related Articles
Next Story
Share it