മനുഷ്യ- വന്യജീവി സംഘര്‍ഷ ലഘൂകരണം; വനംവകുപ്പിന്റെ 45 ദിന കര്‍മ്മ പദ്ധതിക്ക് തുടക്കം

കാസര്‍കോട്: മനുഷ്യ വന്യ ജീവി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ സംസ്ഥാന സര്‍ക്കാരിന്റെ 45 ദിവസം നീളുന്ന ഒരു തീവ്രയജ്ഞ പരിപാടിക്ക് ജില്ലയിലും തുടക്കമായി. വന്യജീവി സംഘര്‍ഷങ്ങള്‍, ഭൂമി സംബന്ധമായ വിഷയങ്ങള്‍, കാടിനകത്തുകൂടിയുള്ള ഗതാഗതം, നടപ്പാതകള്‍, കാര്‍ഷിക വിളനാശം, നഷ്ടപരിഹാര വിതരണത്തിലെ കാലതാമസം, വന്യജീവികളാലുള്ള സുരക്ഷാഭീഷണി തുടങ്ങിയ വിവിധ വിഷയങ്ങള്‍ യജ്ഞത്തില്‍ ചര്‍ച്ചയാവും.

വനം വകുപ്പിനെ കൂടുതല്‍ ജനസൗഹാര്‍ദ്ദമാക്കി മാറ്റി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ജനകീയ പരിഹാരം കണ്ടെത്തുകയാണ് മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ലക്ഷ്യം. സെപ്റ്റംബര്‍ ഒന്നു മുതല്‍ 15 വരെ പല തലങ്ങളിലുള്ള തയ്യാറെടുപ്പുകള്‍, പരിശീലനങ്ങള്‍, ആസൂത്രണം, വിഭവസമാഹരണം എന്നിവ പൂര്‍ത്തിയാക്കിയതിന് ശേഷം സെപ്റ്റംബര്‍ 16 മുതല്‍ മൂന്ന് ഘട്ടങ്ങളായി പദ്ധതി നടപ്പാക്കുി വരികയാണ്.

ഒന്നാം ഘട്ടത്തില്‍ മലയോര മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും റെയിഞ്ച് ഓഫീസുകളിലും വനം വകുപ്പിന്റെ ഹെല്‍പ്-ഡെസ്‌കുകള്‍ തുറന്നുകഴിഞ്ഞു. ഇതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമ പഞ്ചായത്ത് പ്രതിനിധികളും അടങ്ങുന്ന ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ് എന്നിവരില്‍പ്പെട്ട ഒരു വനം വകുപ്പ് ജീവനക്കാരനെ ഓരോ പഞ്ചായത്തിലും ഫെസിലിറ്റേറായി ചുമതലപ്പെടുത്തി. ജന പ്രതിനിധികള്‍, പഞ്ചായത്ത് ഭാരവാഹികള്‍, വിവിധ സ്റ്റേക്ക് ഹോള്‍ഡര്‍മാര്‍ എന്നിവരില്‍ നിന്നും വിവരശേഖരണം നടത്തുന്നതിനും യോഗങ്ങള്‍ ചേരുന്നതിനും സന്ദേശങ്ങള്‍ കൈമാറുന്നതിനും വനം വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തമ്മില്‍ സുഗമമായ ആശയവിനിമയം നടത്തുന്നതിനുമായി ഫെസിലിറ്റേറ്റര്‍ സഹായിക്കുന്നുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന പഞ്ചായത്തുതല ടീം അതാതു പ്രദേശത്തെ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ വനം വകുപ്പുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ട വിഷയങ്ങളുടെ വിവരസമാഹരണം നടത്തും. പ്രത്യേകം പരിശീലനം ലഭിച്ച വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിനായുള്ള ശ്രമങ്ങള്‍ സെപ്റ്റംബര്‍ 16 മുതല്‍ ആരംഭിച്ച് 15 ദിവസം നീണ്ടുനില്‍ക്കുന്ന ഒരു പ്രക്രിയയിലൂടെ പൂര്‍ത്തിയാക്കി വരികയാണ്.

എഴുതി തയ്യാറാക്കിയ പരാതികള്‍, ആവലാതികള്‍, അപേക്ഷകള്‍ മുതലായവ നിക്ഷേപിക്കുന്നതിനായി സംഘര്‍ഷ ബാധിതമായി കണ്ടെത്തിയിട്ടുള്ള പഞ്ചായത്ത് കാര്യാലയത്തിലും ബന്ധപ്പെട്ട റെയിഞ്ച് ഓഫീസിലും പരാതിപ്പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒന്നാം ഘട്ടം ആരംഭിക്കുന്ന 2025 സെപ്റ്റംബര്‍ 16 മുതല്‍ 30 വരെ പരാതികള്‍ നല്‍കാം. ഒരു വനം റെയിഞ്ചില്‍ വരുന്ന ഒന്നിലധികം പഞ്ചായത്തുകളില്‍, ഓരോ പഞ്ചായത്തിനും പ്രത്യേകം ്പരാതിപ്പെട്ടികള്‍ അടയാളപ്പെടുത്തി സ്ഥാപിച്ചിട്ടുണ്ട്.

പഞ്ചായത്ത് തലത്തില്‍ 23, 29 തീയതികളില്‍ നടത്തുന്ന അവലോകന യോഗങ്ങള്‍, പരാതികളും ആവലാതികളും ശേഖരിക്കുന്നതിനായി നടത്തുന്ന ജനജാഗ്രതാ സമിതി യോഗങ്ങള്‍ എന്നിവയില്‍ അതാത് പഞ്ചായത്ത് ഉള്‍പ്പെടുന്ന വന പ്രദേശത്തെ മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി തയ്യാറാക്കിയ കരട് പ്ലാനുകളില്‍ അതാത് റെയിഞ്ചിനും പഞ്ചായത്തിനും ബാധകമായതും പ്രസക്തമായതുമായ ഭാഗങ്ങളും ശുപാര്‍ശകളും അവതരിപ്പിച്ച് ചര്‍ച്ച ചെയ്യും. ഓരോ പഞ്ചായത്തിലും അതാത് പഞ്ചായത്ത് ഉള്‍പ്പെടുന്ന വന മേഖലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ കരട് പ്ലാന്‍ പുസ്തകരൂപത്തിലാക്കി പൊതുജനങ്ങളുടെ പരിശോധനയ്ക്കായി നല്‍കും.

രണ്ടാം ഘട്ടം (ഒക്ടോബര്‍ ഒന്ന് മുതല്‍)

ആദ്യ ഘട്ടത്തില്‍ പ്രാദേശികമായി പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളെ ജില്ലാതലത്തില്‍ ഗൗരവത്തോടെ അവതരിപ്പിച്ച് പരിഹരിക്കാനാണ് രണ്ടാം ഘട്ടത്തില്‍ ശ്രമിക്കുന്നത്. ഒക്ടോബര്‍ 1 മുതല്‍ 15 വരെ നീളുന്ന രണ്ടാംഘട്ടത്തില്‍ ജില്ലാ ഭരണസംവിധാനത്തിന്റെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ ജില്ലാതലത്തില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി രൂപീകരിച്ചിട്ടുള്ള സമിതി ഇതിന് നേതൃത്വം നല്‍കും. അതാത് പ്രദേശത്തെ എം.എല്‍.എമാര്‍ പരിപാടിയില്‍ പങ്കാളികളാവും.

മൂന്നാം ഘട്ടം (ഒക്ടോബര്‍ 16 മുതല്‍)

സംസ്ഥാനതലത്തില്‍ തീര്‍പ്പാക്കേണ്ട കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നത് ഒക്ടോബര്‍ 16 മുതല്‍ 30 വരെ നീളുന്ന മൂന്നാംഘട്ടത്തിലാണ്. ജില്ലാതലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളെ ക്രോഡീകരിച്ച് സര്‍ക്കാര്‍ തലത്തില്‍ അവതരിപ്പിച്ച് പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനായിരിക്കും ഈ ഘട്ടത്തില്‍ ശ്രമിക്കുക. വിവിധ വകുപ്പ് മന്ത്രിമാരും വകുപ്പ് മേധാവികളും പ്രദേശത്തെ എം.എല്‍.എമാരും ത്രിതല പഞ്ചായത്തുകളുടെ പ്രതിനിധികളും ഈ ഘട്ടത്തില്‍ പങ്കാളികളാകും. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമായ വിഷയങ്ങളില്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ളും കൈക്കൊള്ളും.

വനം വകുപ്പ് ഹെല്‍പ്പ് ഡെസ്‌ക് തുറന്നു

മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന്റെ ഭാഗമായി മലയോര പഞ്ചായത്തുകളില്‍ വനം വകുപ്പിന്റെ ഹെല്‍പ്പ് ഡസ്‌ക് തുറന്നു. സെപ്തംബര്‍ 16 മുതല്‍ 30 വരെ മുളിയാര്‍, കാറഡുക്ക, ദേലംപാടി, പനത്തടി, ഈസ്റ്റ് എളേരി, ബളാല്‍ ഗ്രാമ പഞ്ചായത്തുകളിലും വനം വകുപ്പ് ഓഫീസുകളിലുമാണ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നത്.മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍, വനം വകുപ്പിന്റെ സേവനങ്ങള്‍ സംബന്ധിച്ചുള്ള പരാതികള്‍ എന്നിവ ഹെല്‍പ്പ് ഡെസ്‌കുകളില്‍ സ്വീകരിക്കും പരിഹരിക്കാവുന്ന പരാതികള്‍ ഈ ഘട്ടത്തില്‍ തന്നെ പരിഹരിക്കും. ബാക്കിയുള്ളവ ജില്ലാ തല, സംസ്ഥാന തല ഘട്ടങ്ങളില്‍ പരിഗണിക്കും.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it