പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തണം: സംസ്ഥാന ഭക്ഷ്യകമ്മിഷന്‍

കാസര്‍കോട്: ഗോത്ര സമൂഹം ഉള്‍പ്പെടെയുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തണമെന്നും അങ്കണവാടികളിലും സ്‌കൂളുകളിലും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തണമെന്നും സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. ജിനു സക്കറിയ ഉമ്മന്‍ പറഞ്ഞു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 പ്രകാരം കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വിലയിരുത്തുന്നതിനായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച പരാതികള്‍ ഒന്നും നിലവിലില്ലെന്ന് യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിനാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ചെയര്‍പേഴ്സണ്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. എ.ഡി.എം പി അഖില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കെ.എന്‍ ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊതുവിതരണം, പൊതു വിദ്യാഭ്യാസം, വനിതാ ശിശു വികസനം, പട്ടിക വര്‍ഗ്ഗ വികസനം, കുടുംബശ്രീ മിഷന്‍ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസര്‍ കെ എം ഷാജു സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ആന്‍സി സിറിയക് നന്ദിയും പറഞ്ഞു.
കമ്മീഷന്‍ കോളിയടുക്കം ഗവ. യു.പി സ്‌കൂളും ചെങ്കള ഗ്രാമപഞ്ചായത്തിലെ 113ാം നമ്പര്‍ കല്ലക്കട്ട അങ്കണവാടിയും സന്ദര്‍ശിച്ചു. സ്‌കൂളിലെ അടുക്കള പുതിയ കെട്ടിടത്തിലേക്ക് അടിയന്തിരമായി മാറ്റണമെന്ന് നിര്‍ദേശിച്ച കമ്മീഷന്‍ ഉച്ച ഭക്ഷണ മെനു ഓഫീസ് പരിസരത്തും പാചക പുരയ്ക്ക് പുറത്തും പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നു ഉറപ്പുവരുത്തുകയും പാചക തൊഴിലാളിയുടെ ഹെല്‍ത്ത് കാര്‍ഡ് പരിശോധിക്കുകയും ചെയ്തു. ഭക്ഷ്യഭദ്രത നിയമവുമായി ബന്ധപ്പെട്ട് സ്‌കൂളിന്റെ കൂട്ടായ പ്രവര്‍ത്തനത്തില്‍ ജീവനക്കാരെ അഭിനന്ദിച്ച കമ്മീഷന്‍ കല്ലക്കട്ട അങ്കണവാടിയിലെ ഭക്ഷ്യ സംഭരണ മുറികള്‍ പരിശോധിക്കുകയും ഭക്ഷ്യ വസ്തുക്കള്‍ കാലഹരണപ്പെട്ടതല്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. അങ്കണവാടികളിലും സ്‌കൂളുകളിലും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തണമെന്നും സംസ്ഥാന ഭക്ഷ്യകമ്മിഷന്‍ പറഞ്ഞു. 11 ന് വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ ഗോത്ര വര്‍ഗ്ഗ മേഘലകളില്‍ കമ്മീഷന്‍ സന്ദര്‍ശനം നടത്തും.