പുലിഭീതി മാറാതെ മുളിയാര്‍: വീട്ടുമുറ്റത്ത് നിന്നും നായയെ കടിച്ചു കൊന്നു

ബാവിക്കരയിലെ സിന്ധുവിന്റെ വീട്ടുമുറ്റത്ത് ചങ്ങലയില്‍ കെട്ടിയിട്ട നായയെ ആണ് കടിച്ച് കൊന്നത്‌

മുള്ളേരിയ: മാസങ്ങളുടെ ഇടവേളയ്ക്കുശേഷം മുളിയാറില്‍ വീണ്ടും പുലിയിറങ്ങി. വീട്ടുമുറ്റത്ത് ചങ്ങലയില്‍ കെട്ടിയിട്ട വളര്‍ത്തു നായയെ പുലി കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തി. മുളിയാര്‍ ബാവിക്കര അമ്മങ്കല്ലിലെ സിന്ധുവിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി പുലി എത്തിയത്. വീട്ടുമുറ്റത്ത് ചങ്ങലയില്‍ കെട്ടിയിട്ട നായയെ കൊന്നശേഷം പുലി തിരികെ പോയതായി സംശയിക്കുന്നു.

രാവിലെ നോക്കിയപ്പോഴാണ് നായയെ കൊന്നിട്ട നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ സ്ഥലത്തു നിന്നും കണ്ടെത്തി. ഏറെ കാലത്തിനു ശേഷമാണ് മുളിയാറില്‍ പുലിയിറങ്ങിയത്.

രണ്ട് മാസം മുന്‍പ് വരെ ബേഡഡുക്ക, കാറഡുക്ക പഞ്ചായത്തുകളിലും മുളിയാറിലെ ഇരിയണ്ണി, കാനത്തൂര്‍ തുടങ്ങിയ വിവിധ പ്രദേശങ്ങളിലും സ്ഥിരമായി പുലി ഇറങ്ങിയിരുന്നു. പലയിടങ്ങളില്‍ നിന്നും പശുക്കിടാവിനെയും ആടിനെയും വളര്‍ത്തുനായകളെയും തെരുവ് നായകളെയും പുലി പിടിച്ചു കൊണ്ട് പോകുന്നത് പതിവായിരുന്നു. ഇതേ തുടര്‍ന്ന് ബേഡഡുക്കയിലും മുളിയാറിലും വനംവകുപ്പ് പുലിക്കൂട് സ്ഥാപിച്ചിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 22നും മെയ് 26നും ബേഡഡുക്കയിലെ കൊളത്തൂര്‍ നിടുവോട്ട് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഒരുമാസത്തിലധികമായി ഈ പ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഒരിടവേളക്കുശേഷം വീണ്ടും പുലിയുടെ സാന്നിധ്യം കാണാന്‍ തുടങ്ങിയത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it