ബേഡകത്ത് 200 രൂപയുടെ കള്ളനോട്ടുകള്‍ പ്രചരിക്കുന്നു; മുന്നറിയിപ്പുമായി പൊലീസ്

ബേഡകം: ബേഡകത്ത് വിവിധ ഇടങ്ങളില്‍ 200 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നു. ഇന്ത്യന്‍ കറന്‍സി നോട്ടിനോട് സാമ്യമുള്ള വ്യാജ നോട്ടുകളാണ് പ്രചരിക്കുന്നത്. വ്യാജകറന്‍സിയില്‍ മുകളില്‍ വലത് ഭാഗത്ത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പകരം മനോരഞ്ജന്‍ ബാങ്ക് ഓഫ് ഇന്ത്യ , ഗ്യാരണ്ടീഡ് ബൈ ചില്‍ഡ്രന്‍ ബാങ്ക് എന്നാണുള്ളത്. ദോ സൗ കൂപ്പണ്‍ എ്‌നും 200 എ്ന്ന അക്കം കറുത്ത അക്ഷരത്തില്‍ എഴുതിയിട്ടുമുണ്ട്. നോട്ട് പ്രചരിക്കുന്ന സാഹചര്യത്തില്‍ 200 രൂപ നോട്ടുകള്‍ കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് അറിയിച്ചു. നോട്ടുകള്‍ കൃത്യമായി പരിശോധിച്ച് വ്യാജ നോട്ട് അല്ല എന്ന് ഉറപ്പുവരുത്തണം. ഏതെങ്കിലും വ്യാപാര സ്ഥാപനങ്ങള്‍ കുട്ടികള്‍ക്ക് സമ്മാനമായോ മറ്റേതെങ്കിലും രീതിയിലോ കറന്‍സിയോട് സാമ്യമുള്ള ഇത്തരം കടലാസുകള്‍ വിതരണം ചെയ്യരുതെന്നും പൊലീസ് അറിയിച്ചു.
ബേഡകം പൊലീസ് പരിധിയില്‍ കുണ്ടംകുഴിയിലാണ് പ്രധാനമായും 200ന്റെ കള്ളനോട്ടുകള്‍ പ്രചരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജില്ലയിലെ മറ്റിടങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കി.