കാസര്‍കോട് തട്ടുകടകളില്‍ വ്യാപക പരിശോധന; ഏഴെണ്ണത്തിന് നോട്ടീസ്

കാസര്‍കോട്: ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷ വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ കസര്‍കോട് നഗരസഭയിലെ തട്ടുകടകളില്‍ രാത്രികാല ശുചിത്വ പരിശോധന നടത്തി. പതിനൊന്ന അംഗ ഉദ്യോഗസ്ഥര്‍ ആണ് പരിശോധന നടത്തിയത്. നഗരസഭാ പരിധിയിലെ 12 തട്ടുകടകള്‍ പരിശോധിച്ചു. ഇതില്‍ ശുചിത്വമില്ലാതെ പ്രവര്‍ത്തിക്കുന്ന ഏഴ് കടകള്‍ക്ക് നോട്ടീസ് നല്‍കി. പുകയില നിയന്ത്രണ നിയമം ലംഘിച്ച നാല് തട്ടുകടകള്‍ക്ക് പിഴ ചുമത്തി. നഗരത്തിലെ തട്ടുകടകളെ ക്കുറിച്ച് നിരവധി പരാതികളാണ് ആരോഗ്യ വകുപ്പിന് ലഭിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ് പറഞ്ഞു. ജില്ലയിലെ പലഭാഗത്തു നിന്നും ഇടയ്ക്കിടെ ഭക്ഷ്യ വിഷ ബാധ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ജില്ലാകളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തട്ടുകടകളിലെ രാത്രികാല പരിശോധനയ്ക്ക് തുടക്കമായത്. ജില്ലയിലെ നഗരസഭകളിലും മറ്റു പ്രധാന നഗരങ്ങളിലെ തട്ടുകടകളിലും ഹോട്ടലുകളിലും തുടര്‍ ദിവസങ്ങളിലും പരിശോധനകളും നടപടികളും ഉണ്ടാവുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനയ്ക്ക് ടെക്നിക്കല്‍ അസിസ്റ്റന്റ് ആര്‍. ബിമല്‍ഭൂഷന്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ പി. ബി. ആദിത്യന്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എന്‍. എ. ഷാജു, ക്ളീന്‍ സിറ്റി മാനേജര്‍ മധുസൂദനന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി. വി. സജീവന്‍,മധു. കെ, ജെ. എച്ച്. ഐ മാരായ രാധാകൃഷ്ണന്‍ കെ. ജി,ആശ മേരി, ജിബി. ജി. ആര്‍,സുനില്‍ കുമാര്‍,ജനാര്‍ദ്ദനന്‍ എന്നിവര്‍ പങ്കെടുത്തു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it