അനന്തപുരം ഫാക്ടറിയിലെ പൊട്ടിത്തെറി; മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു

പൊട്ടിത്തെറി സംബന്ധിച്ച് ഫാക്ടറി ആന്റ് ബോയ് ലേഴ്സ് ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി

കുമ്പള : തിങ്കളാഴ്ച രാത്രി അനന്തപുരം വ്യവസായ പാര്‍ക്കിലെ ഡെക്കോര്‍ പാനല്‍ പ്ലൈവുഡ് ഫാക്ടറിയില്‍ ബോയ് ലര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു. മംഗളൂരു ആസ്പത്രിയില്‍ ചികില്‍സയിലുള്ള ആറുപേരില്‍ മൂന്നുപേരാണ് അത്യാസന്ന നിലയിലുള്ളത്. പരിക്കേറ്റ് കുമ്പള ജില്ലാ സഹകരണാസ്പത്രിയില്‍ ചികില്‍സയിലുള്ള രണ്ടുപേര്‍ ആസ്പത്രി വിട്ടു.

അപകടത്തില്‍ മരിച്ച അസം സ്വദേശി നജീറുല്‍ അലി(21)യുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തളങ്കര മാലിക് ദിനാര്‍ പള്ളിയിലെത്തിച്ച് മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പൊട്ടിത്തെറി സംബന്ധിച്ച് ഫാക്ടറി ആന്റ് ബോയ് ലേഴ്സ് ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി.

എറണാകുളത്തെ ഫാക്ടറീസ് ആന്റ് ബോയ് ലേഴ്സ് ജോ. ഡയറക്ടര്‍ മുനീര്‍ അഞ്ചെ, ഇന്‍സ്പെക്ടര്‍മാരായ ടി.ടി വിനോദ് കുമാര്‍, സാജു മാത്യു എന്നിവര്‍ ഫാക്ടറിയിലെത്തി പരിശോധന നടത്തി. സ്ഫോടനത്തെ തുടര്‍ന്ന് സമീപത്തെ വീട്ടുമുറ്റത്ത് തെറിച്ചുവീണ ബോയ് ലറിന്റെ ലോഹഭാഗം പരിശോധിച്ചു. ബോയ് ലറില്‍ വെള്ളം കുറഞ്ഞതാകാം അപകടത്തിന് കാരണമായതെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.

ഒന്നരവര്‍ഷം മുമ്പാണ് ഈ ഫാക്ടറി പ്രവര്‍ത്തനമാരംഭിച്ചത്. ജില്ലയില്‍ ബോയ് ലര്‍ പൊട്ടിത്തെറിക്കുന്ന സംഭവം ഇതാദ്യമാണ്. പഴക്കം ചെന്ന ചില ഫാക്ടറികള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവിടെയൊന്നും ഇത്തരം പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വിശദമായ പഠനത്തിന് ശേഷം മാത്രമേ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഫോടനത്തെ തുടര്‍ന്ന് സമീപത്തെ പത്ത് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി അപകടം നടന്ന ഫാക്ടറി സന്ദര്‍ശിച്ചു.

Related Articles
Next Story
Share it