വല നിറയെ നിരാശ; പ്രതീക്ഷിച്ച മത്സ്യ വരവില്ല; തീരമേഖല ആശങ്കയില്‍

കാസര്‍കോട്: കടലില്‍ മത്സ്യസമ്പത്ത് കൂടുന്ന മാസമാണ് ജൂലൈ. മത്സ്യത്തൊഴിലാളികളുടെ വറുതികള്‍ മാറ്റാന്‍ തീരത്ത് ചാകര വരുന്ന മാസം. ഒപ്പം വല നിറയെ മത്സ്യങ്ങളും . വിപണിയില്‍ മത്തിയും അയലയും ചെമ്മീനും ഉള്‍പ്പെടെ സുലഭമാവേണ്ട കാലമാണ്. എന്നാല്‍ ചെറുവള്ളങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഇത്തവണ നിരാശയുടെ കഥ മാത്രമാണ് പറയാനുള്ളത്. ധാരാളം മത്സ്യങ്ങള്‍ ലഭ്യമാകുന്ന സീസണ്‍ ആയിട്ടും മീനുകള്‍ ഒന്നും കിട്ടുന്നില്ലെന്നാണ് പരാതി. മത്സ്യ ലഭ്യത കുറഞ്ഞതോടെ പലരും വള്ളങ്ങള്‍ കരയിലേക്ക് കയറ്റി. ട്രോളിംഗ് നിരോധന കാലഘട്ടത്തില്‍ ചെറുമീനുകള്‍ കിട്ടാറുണ്ടായിരുന്നു. ട്രോളിംഗിന് ശേഷവും നല്ല മത്സ്യസമ്പത്ത് തീരത്തുണ്ടാവേണ്ടതാണ്. എന്നാല്‍ ഇത്തവണ നഷ്ടക്കണക്കുകള്‍ മാത്രമാണെന്ന്് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇന്ധനച്ചെലവ് കൂടിയത് മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് 140 മുതല്‍ 150 രൂപ വരെയാണ് വില നല്‍കേണ്ടത്. ഒരു വള്ളത്തിന് മത്സ്യബന്ധനത്തിന് ശരാശരി 35 ലിറ്റര്‍ മണ്ണെണ്ണയാണ് ആവശ്യമായി വരുന്നത്. ഇന്ധനത്തിന് ചെലവാകുന്ന തുക പോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. തൃക്കണ്ണാട്, അജാനൂര്‍, കോട്ടിക്കുളം , അജാനൂര്‍, കുഞ്ചത്തൂര്‍ മേഖലയില്‍ കടലാക്രമണം രൂക്ഷമായതും മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗത്തെ സാരമായി ബാധിച്ചു. തൃക്കണ്ണാട് കടപ്പുറത്ത് കടലേറ്റം രൂക്ഷമായതിനാല്‍ ഇതുവഴിയുള്ള മത്സ്യബന്ധനവും നിലച്ചു.

ആഴക്കടല്‍ മത്സ്യബന്ധനവും അശാസ്ത്രീയമായ മത്സ്യബന്ധനവും തീരത്തെ മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിച്ചെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആര്‍ ഗംഗാധരന്‍ ഉത്തരദേശം ഓണ്‍ലൈനിനോട് പറഞ്ഞു. ജില്ലയിലെ തീരമേഖലകളില്‍ സുരക്ഷിതമായ കടല്‍ഭിത്തി പണിയണം. ജിയോബാഗ് സ്ഥാപിക്കുന്നത് ശാശ്വത പരിഹാരമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it