മാണിമൂലയിലെ ഉല്‍ഖനനം അവസാനിച്ചു; കണ്ടെത്തിയത് അമൂല്യ പുരാവസ്തുക്കള്‍
കല്‍പ്പത്തായം ഉദ് ഖനനം ചെയ്തപ്പോള്‍ 14 പൊട്ടിയ മണ്‍പാത്രങ്ങള്‍, ഇരുമ്പ് ഉളി , ഇരുമ്പ് ദണ്ഡ് എന്നിവ ലഭിച്ചു

ബന്തടുക്ക: മാണിമൂലയിലെ ഉല്‍ഖനനം അവസാനിച്ചു. വിവിധ ദിവസങ്ങളായി നടന്ന ഉല്‍ഖനനത്തില്‍ പുരാവസ്തുക്കളുടെ അമൂല്യ ശേഖരം കണ്ടെത്തി. പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം കല്‍പ്പത്തായം ഉദ് ഖനനം ചെയ്തപ്പോള്‍ 14 പൊട്ടിയ മണ്‍പാത്രങ്ങള്‍, ഇരുമ്പ് ഉളി , ഇരുമ്പ് ദണ്ഡ് എന്നിവ ലഭിച്ചു. രണ്ട് മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയുമാണ് കല്‍പ്പത്തായത്തിന്റെ അകത്തെ വിസ്താരം.
ഇതിന് 105 സെന്റീ മീറ്റര്‍ ഉയരവുമുണ്ട്. മഹാശിലായുഗത്തില്‍ നിര്‍മ്മിച്ചതാണിത്. വലിയ ചെങ്കല്‍പ്പാറ തുരന്ന് ഭൂമിയുടെ അടിയിലേക്കാണ് കല്‍പ്പത്തായം നിര്‍മ്മിച്ചത്. കല്‍പ്പത്തായം സ്ഥിതിചെയ്യുന്ന പാറയുടെ ഉപരിതലത്തില്‍ താഴോട്ട് വൃത്താകൃതിയിലുള്ള പ്രവേശനദ്വാരമുണ്ട്. ഇതിന് അര മീറ്റര്‍ വ്യാസമുണ്ട്. ചെങ്കല്‍ പാറയുടെ പാര്‍ശ്വഭാഗത്തായി കല്‍പത്തായത്തിലേക്ക് തുറന്ന കവാടമുണ്ട്.
ചെറിയ ജനലിന്റെ വിസ്താരം മാത്രമുള്ള വാതിലിന്റെ കട്ടിളയുടെ മുന്‍ഭാഗം ചിത്രപ്പണികളോടെ മനോഹരമാക്കിയിട്ടുമുണ്ട്. വ്യക്തിയുടെ വീട്ടുവളപ്പിലാണ് കല്‍പ്പത്തായം ഉള്ളത്. ഞായറാഴ്ചയാണ് കല്‍പ്പത്തായം ഉദ് ഖനനം തുടങ്ങിയത്. കല്‍പ്പത്തായത്തിന് സമീപം മണ്ണിനടിയിലെ അറയില്‍ നിന്ന് പുരാവസ്തു വകുപ്പ് അധികൃതര്‍ വെള്ളിയാഴ്ച ചരിത്രകാലത്തെ അമൂല്യവസ്തുക്കള്‍ കണ്ടെടുത്തിരുന്നു. ഇവിടെനിന്നും 50 മീറ്ററോളം അകലെ പടിഞ്ഞാറുഭാഗത്താണ് കല്‍പ്പത്തായം.
മഹാശിലാ സംസ്‌കാരകാലത്ത് മനുഷ്യര്‍ നിര്‍മിച്ച് ഉപയോഗിച്ച വിവിധങ്ങളായ ഒട്ടേറെ വസ്തുക്കളാണ് ആറ് ദിവസത്തെ തിരച്ചിലിനൊടുവില്‍ വെള്ളിയാഴ്ച കല്‍പ്പത്തായത്തിന്റെ സമീപത്തെ രഹസ്യ അറയില്‍ നിന്ന് ലഭിച്ചത്. ഈമാസം 16 നാണ് മാണിമൂലയില്‍ ഉദ് ഖനനം തുടങ്ങിയത്. 10 ദിവസമാണ് എട്ടംഗ സംഘം ഇവിടെ ഉദ് ഖനനം നടത്തിയത്.
പുരാവസ്തു മലബാര്‍ മേഖലാ പീനം നടത്തുന്ന കോഴിക്കോട് പഴശിരാജ മ്യൂസിയം ഓഫീസര്‍ കെ. കൃഷ്ണരാജ്, എസ്‌കവേഷന്‍ അസി. വി.എ. വിമല്‍ കുമാര്‍, ടി.പി. നിബിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രത്യേകം പരിശീലനം ലഭിച്ച പുരാവസ്തു വകുപ്പ് ജീവനക്കാരായ അഞ്ച് തൊഴിലാളികളും ഉണ്ടായിരുന്നു. സംഘം ഇന്ന് തിരിച്ചുപോകും.

