തിരഞ്ഞെടുപ്പ് പ്രചാരണ മെറ്റീരിയലുകള്‍ എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പരിശോധിച്ചു തുടങ്ങി
പ്ലാസ്റ്റിക് അംശം ഇല്ലാത്ത 100 ശതമാനം കോട്ടണ്‍, പോളി എത്തിലീന്‍ എന്നീ മെറ്റീരിയലുകളില്‍ പ്രിന്റ് ചെയ്യുന്നതിന് മാത്രമാണ് അനുമതിയുള്ളത്

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും വേണ്ടി അച്ചടിച്ച് നല്‍കുന്ന പ്രിന്റിംഗ് മെറ്റീരിയലുകള്‍ പരിശോധിക്കുന്നതിനായി ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രിന്റിംഗ് സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന ആരംഭിച്ചു. പ്ലാസ്റ്റിക് അംശം ഇല്ലാത്ത 100 ശതമാനം കോട്ടണ്‍, പോളി എത്തിലീന്‍ എന്നീ മെറ്റീരിയലുകളില്‍ പ്രിന്റ് ചെയ്യുന്നതിന് മാത്രമാണ് അനുമതിയുള്ളത്. നിയമലംഘനം കണ്ടെത്തിയാല്‍ പിഴ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
റീസൈക്ലബിള്‍ ലോഗോ, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അംഗീകൃത ക്യൂ ആര്‍ കോഡ്, പ്രിന്റിംഗ് സ്ഥാപനങ്ങളുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവകള്‍ ഇല്ലാത്ത പ്രചരണ ബോര്‍ഡുകള്‍ പ്രിന്റ് ചെയ്തു നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയാണ് പിഴ ചുമത്തുന്നത്.
കാഞ്ഞങ്ങാട് നഗരപരിധിയില്‍ പ്രിന്റിംഗ് സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ ജില്ലാ സ്‌ക്വാഡിന്റെയും ബ്ലോക്ക്, പഞ്ചായത്ത് തല സ്‌ക്വാഡുകളുടെയും തുടര്‍ പരിശോധന ഉണ്ടായിരിക്കും. പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ വി മുഹമ്മദ് മദനി, സ്‌ക്വാഡ് അംഗം ടി സി ഷൈലേഷ്, ജോസ് വി എം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രചന, ആശാ മേരി, പ്രജിത്ത് എന്നിവര്‍ പങ്കെടുത്തു.

