എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍: രാജപുരം ഗോഡൗണിലെ കീടനാശിനിയും വീപ്പകളിലേക്ക് മാറ്റി

മലിനീകരണ നിയന്ത്രണബോര്‍ഡ് എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിനുള്ള നടപടി ആരംഭിച്ചത് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനെ തുടര്‍ന്ന്

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിന് മുന്നോടിയായി രാജപുരം പി.സി.കെ ഗോഡൗണിലുണ്ടായിരുന്ന കീടനാശിനിയും വീപ്പകളിലേക്ക് മാറ്റി. ഇതോടെ എന്‍ഡോസള്‍ഫാന്‍ പുതിയ ബാരലുകളിലേക്ക് മാറ്റുന്ന പ്രവൃത്തി പൂര്‍ത്തിയായി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജിയണല്‍ ഡയറക്ടര്‍ ജെ ചന്ദ്രബാബുവിന്റെ നേതൃത്വത്തിലാണ് കീടനാശിനി ബാരലുകളിലേക്ക് മാറ്റിയത്.

കഴിഞ്ഞ ദിവസം പെരിയ, ചീമേനി പി.സി.കെ ഗോഡൗണുകളില്‍ നിന്നും എന്‍ഡോസള്‍ഫാന്‍ വീപ്പകളിലേക്ക് മാറ്റിയിരുന്നു. കീടനാശിനികള്‍ നിറച്ച വീപ്പകള്‍ സീല്‍വെച്ച് സൂക്ഷിച്ചിരിക്കുകയാണ്. ഉത്തരവ് ലഭിച്ചാല്‍ ഇവ ജില്ലക്ക് പുറത്തേക്ക് കൊണ്ടുപോയി നിര്‍വീര്യമാക്കുമെന്ന് ചന്ദ്രബാബു പറഞ്ഞു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനെ തുടര്‍ന്നാണ് മലിനീകരണ നിയന്ത്രണബോര്‍ഡ് എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിനുള്ള നടപടി ആരംഭിച്ചത്.

കീടനാശിനി നിര്‍വീര്യമാക്കുന്നതിനുള്ള ടെണ്ടര്‍ ക്ഷണിക്കുകയാണ് അടുത്ത നടപടി. അപകടകരമായ കീടനാശിനികള്‍ നിര്‍വീര്യമാക്കാന്‍ അനുഭവ സമ്പത്തുള്ള കമ്പനികളെയാണ് ഇതില്‍ പങ്കെടുപ്പിക്കുന്നത്. കരാര്‍ ലഭിക്കുന്നവര്‍ സ്വന്തം നിര്‍വീര്യമാക്കല്‍ കേന്ദ്രത്തിലെത്തിച്ച് ശാസ്ത്രീയമായി സംസ്‌ക്കരിക്കും. അടുത്ത മാസം ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സിറ്റിങ്ങില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Related Articles
Next Story
Share it