തൊഴിലുറപ്പ് പദ്ധതി; കോടോം-ബേളൂര്‍ പഞ്ചായത്തില്‍ പ്രതിപക്ഷ വാര്‍ഡുകളെ ഒഴിവാക്കിയതായി പരാതി

കാഞ്ഞങ്ങാട്: കോടോം ബേളൂര്‍ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി ആനുകൂല്യങ്ങളില്‍ നിന്ന് പ്രതിപക്ഷ വാര്‍ഡുകളെ ഒഴിവാക്കിയതായി പരാതി. ഭരണസമിതി തീരുമാനമെടുത്തതിന് പിന്നാലെ മിനുട്‌സ് ബുക്കില്‍ രേഖപ്പെടുത്താതെ വാര്‍ഡുകളെ ഒഴിവാക്കി.മെയ് 22നാണ് ഭരണസമിതി യോഗം ചേര്‍ന്നത്. കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്ന ചുള്ളിക്കര (6),ചക്കിട്ടടുക്കം (7),മയ്യങ്ങാനം (12),തായന്നൂര്‍ (15 )വാര്‍ഡുകളില്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് വീതം റോഡുകളുടെ പേരുകള്‍ ഭരണസമിതി യോഗത്തില്‍ അംഗീകരിച്ചിരുന്നുവെന്നാണ് പ്രതിപക്ഷ അംഗങ്ങള്‍ പറയുന്നത്. എന്നാല്‍ യോഗത്തിന്റെ മിനുട്ട്‌സ് പൂര്‍ത്തീകരിച്ചപ്പോള്‍ പ്രതിപക്ഷ വാര്‍ഡുകളെ പൂര്‍ണ്ണമായും തഴഞ്ഞുവെന്നാണ് പരാതി. ബി.ജെ.പി പ്രതിനിധീകരിക്കുന്ന 18-ാം വാര്‍ഡായ പറക്കളായിയും ഉള്‍പ്പെട്ടിട്ടില്ല.
ഭരണസമിതിയുടെ തെറ്റായ നിലപാടിനെതിരെ കോണ്‍ഗ്രസ് നിയമ നടപടിക്കൊരുങ്ങുകയാണ്.റോഡ് നവീകരണത്തിനായുള്ള ഫണ്ട് അനുവദിക്കുന്നതില്‍ പ്രതിപക്ഷ വാര്‍ഡുകളെ പൂര്‍ണമായും തഴഞ്ഞുകൊണ്ട് തികച്ചും ഏകപക്ഷീയമായി ടെന്‍ഡറിനുള്ള പട്ടിക തയാറാക്കിയതായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു.ഭരണസമിതി യോഗത്തില്‍ വായിച്ച് അംഗീകരിച്ച തീരുമാനങ്ങള്‍ പോലും രേഖപ്പെടുത്താതെ കൃത്രിമം കാണിച്ചുവെന്നുള്ളത് ഭരണസമിതിയുടെ ഗുരുതരമായ അനീതിയാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.ഭരണസമിതി നിലവില്‍ വന്ന കാലം മുതല്‍ ഭരണസമിതി യോഗത്തിന്റെ നോട്ടിസും അജണ്ടയും കൃത്യമായി നല്‍കാന്‍ പോലും പലപ്പോഴും തയാറാകാറില്ല.പല കാര്യങ്ങള്‍ പരിശോധിക്കുമ്പോഴും അഴിമതി നിറഞ്ഞതും ഏകപക്ഷീയവുമായ തീരുമാനങ്ങളുമാണ് ഭരണസമിതി സ്വീകരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അഴിമതിയും ക്രമക്കേടുമാണ് നടന്നിട്ടുള്ളത്.തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഏകപക്ഷീയമായ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അഴിമതിക്കും സ്വജന പക്ഷപാതത്തിനുനെതിരെ ജനരോഷം ഉയര്‍ന്നുവരണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് ഭരണസമിതിയുടെ സ്വജനപക്ഷപാതപരമായ ഈ തീരുമാനത്തിനെതിരെ കോടതിയെയും ഓംബുഡ്‌സ്മാനെയും സമീപിക്കുമെന്ന് 12 -ാം വാര്‍ഡ് അംഗം അഡ്വ പി. ഷീജ പറഞ്ഞു.