ട്രാന്‍സ് ഫോര്‍മറിലെ ഫ്യൂസ് കട്ടകള്‍ മാറ്റി ജീവനക്കാരന്‍ സ്ഥലം വിട്ടു; ഒരു പ്രദേശം മുഴുവന്‍ ഇരുട്ടിലായി
മുടങ്ങിയത് സീതാംഗോളി കെ.എസ്.ഇ.ബി സെക്ഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചിമ്മിനിയടുക്ക ട്രാന്‍സ് ഫോര്‍മറില്‍ നിന്നുള്ള വൈദ്യതബന്ധം

നീര്‍ച്ചാല്‍: ട്രാന്‍സ് ഫോര്‍മറിലെ ഫ്യൂസ് കട്ടകള്‍ വൈദ്യുതി ജീവനക്കാരന്‍ എടുത്തു മാറ്റി. ഇതോടെ ഒരു പ്രദേശം മുഴുവന്‍ വൈദ്യുതി മുടങ്ങി. സീതാംഗോളി കെ.എസ്.ഇ.ബി സെക്ഷന്റെ കീഴില്‍ ചിമ്മിനിയടുക്ക ട്രാന്‍സ് ഫോര്‍മറില്‍ നിന്നും കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ ട്രാന്‍സ് ഫോര്‍മറില്‍ നിന്നും ഫ്യൂസുകള്‍ ഊരി മാറ്റിയ ജീവനക്കാരന്‍ പിന്നീട് തിരികെ എത്തിയില്ല. രാത്രി പത്ത് മണിയായിട്ടും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാത്തതിനെ തുടര്‍ന്ന് ഓഫീസുമായി ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തിരക്കിലാണെന്ന സന്ദേശം ലഭിച്ചു.
തുടര്‍ന്ന് ഓഫീസില്‍ നേരിട്ടെത്തി വിവരം പറഞ്ഞതോടെയാണ് ജീവനക്കാര്‍ സ്ഥലത്തെത്തി ട്രാന്‍സ് ഫോര്‍മറിന് സമീപം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ ഫ്യൂസ് കട്ടകള്‍ കണ്ടെത്തിയത്. അടിയന്തിര ഘട്ടത്തില്‍ സ്ഥലത്ത് എത്തേണ്ട ലൈന്‍മാന്‍ ഉണ്ടായിരുന്നില്ലെന്നും ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ആളാണ് രാത്രി സ്ഥലത്തെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതെന്നും വീഴ്ച വരുത്തിയ വൈദ്യുതി ജീവനക്കാരനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്് നാട്ടുകാര്‍ വൈദ്യുതി വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി.
അതേസമയം വൈദ്യുതി ലൈന്‍ പൊട്ടി വീണുവെന്ന ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി അപകടം സംഭവിക്കാതിരിക്കാന്‍ വൈദ്യുതി ബന്ധം വിഛേദിച്ചതാകാമെന്നും പിന്നീടാണ് വൈദ്യുതി കമ്പി പൊട്ടി വീണിട്ടില്ലെന്ന് മനസ്സിലായതെന്നുമാണ് ഒരു ജീവനക്കാരന്‍ പറയുന്നത്. എന്നാല്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ വൈകിയതിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.