കുമ്പളയില്‍ വൈദ്യുതി പ്രതിസന്ധി തീരുന്നില്ല; വോള്‍ട്ടേജ് പ്രശ്നം രൂക്ഷമാകുന്നു

വോള്‍ട്ടേജ് കുറവ് മൂലം ഐസ്‌ക്രീം പാര്‍ലര്‍, ഹോട്ടല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വന്നിട്ടുള്ളത്

കുമ്പള: കുമ്പളയില്‍ നിലനില്‍ക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് ഇനിയും പരിഹാരമായില്ല. വ്യപാരസ്ഥാപനങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. മൂന്ന് ദിവസമായി കുമ്പളയിലും പരിസരത്തും രാത്രികാലങ്ങളില്‍ വോള്‍ട്ടേജ് പ്രശ്നം രൂക്ഷമാണ്. രാവിലെ 11 മണിയോടെ വൈദ്യുതി വോള്‍ട്ടേജോട് കൂടി വന്നാല്‍ രാത്രിയോടെ വോള്‍ട്ടേജ് പ്രശ്നം രൂക്ഷമാകാന്‍ തുടങ്ങും. വോള്‍ട്ടേജ് കുറവ് മൂലം ഐസ്‌ക്രീം പാര്‍ലര്‍, ഹോട്ടല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വന്നിട്ടുള്ളത്.

പല ഹോട്ടലുകളിലും മോട്ടോര്‍ പ്രവര്‍ത്തിക്കാത്തത് കാരണം ഹോട്ടലുകളിലേക്ക് ആവശ്യമായ കുടിവെള്ളം വാഹനങ്ങളിലേക്ക് വാടക നല്‍കി എത്തിക്കുന്നത് പതിവാണ്. വീടുകളില്‍ മോട്ടോര്‍ പ്രവര്‍ത്തിക്കാന്‍ പറ്റാത്തത് കാരണം പല വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. വൈദ്യുതി ഓഫീസില്‍ വിവരങ്ങള്‍ ചോദിച്ചാല്‍ കൈ മലര്‍ത്തുന്നതായി നാട്ടുകാര്‍ പറയുന്നു.

കഴിഞ്ഞ ദിവസം രണ്ട് ദിവസം വൈദ്യതി മുടങ്ങിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വൈദ്യുതി ജീവനക്കാരെ ഓഫീസില്‍ തടഞ്ഞു വെച്ചിരുന്നു. പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ വൈദ്യുതി ഓഫീസിലേക്ക് ചില സംഘടനകളുടെ നേതൃത്വത്തില്‍ സമര പരിപാടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

Related Articles
Next Story
Share it