കാസര്‍കോട്, കണ്ണൂര്‍ അടക്കമുള്ള ജില്ലകളില്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ 11ന്

ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍

കാസര്‍കോട്: സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം ഇന്നുമുതല്‍ നിലവില്‍ വന്നു. ജാതി മതത്തിന്റെ പേരില്‍ വോട്ട് ചോദിക്കരുതെന്നും ഔദ്യോഗിക സ്ഥാനം പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കാന്‍ ജില്ലാ തല സമിതിയെ നിയോഗിക്കും. മാധ്യമങ്ങള്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാണ്.

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാനാണ് തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞതവണ മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. നവംബര്‍ 14ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. നാമനിര്‍ദേശ പത്രിക നവംബര്‍ 21 വരെ നല്‍കാം. സൂക്ഷ്മ പരിശോധന നവംബര്‍ 22. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24. തിരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ആദ്യഘട്ടമായ ഡിസംബര്‍ 11ന് വോട്ടെടുപ്പ് നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബര്‍ 9 ന് വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍.

ഡിസംബര്‍ 18 ന് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകും. ഡിസംബര്‍ 20 ന് തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണ സമിതികള്‍ നിലവില്‍ വരും.

Related Articles
Next Story
Share it