മൈം അവതരിപ്പിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി; 'നിങ്ങളുടെ ധൈര്യമാണ് നാളെയുടെ പ്രതീക്ഷ'

കാസര്‍കോട്: ഗസ്സ പ്രമേയമാക്കിയതിനാല്‍ തടഞ്ഞുവെച്ച മൈം വീണ്ടും വേദിയിലെത്തിച്ച കുമ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. തടഞ്ഞുവെക്കപ്പെട്ട അതേ വേദിയില്‍ മൈം അവതരിപ്പിക്കാന്‍ അവസരം നല്‍കുമെന്ന് ഉറപ്പുനല്‍കിയിരുന്നുവെന്നും അത് യാഥാര്‍ത്ഥ്യമായിരിക്കുന്നുവെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കുട്ടികളുടെ ജനാധിപത്യപരവും മതനിരപേക്ഷവുമായ അവകാശങ്ങള്‍ക്കും അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ഒപ്പമാണ് ഈ സര്‍ക്കാര്‍. തടസ്സങ്ങളെല്ലാം മാറ്റി, അവരുടെ മൈം അവതരിപ്പിക്കാന്‍ അവസരമൊരുക്കിയതിലൂടെ നാം ഉയര്‍ത്തിപ്പിടിക്കുന്നത് ജനാധിപത്യ മൂല്യങ്ങളെയും കലയുടെ ശക്തിയെയുമാണ്. ലോകമെങ്ങുമുള്ള അനീതിക്കെതിരെ ശബ്ദിക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് ധൈര്യവും പ്രോത്സാഹനവും നല്‍കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അവതരണത്തിന് അവസരമൊരുക്കാന്‍ മുന്നിട്ടിറങ്ങിയ സംഘാടകരെയും അധ്യാപകരെയും, ധീരമായി തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്ന പ്രിയ വിദ്യാര്‍ത്ഥികളെയും മന്ത്രി അഭിനന്ദിച്ചു. വിദ്യാര്‍ത്ഥികളുടെ ധൈര്യമാണ് നാളെയുടെ പ്രതീക്ഷയെന്നും മന്ത്രി കുറിച്ചു.

വെള്ളിയാഴ്ചയാണ് കുമ്പള സ്‌കൂളില്‍ കലോത്സവത്തിന്റെ ഭാഗമായുള്ള മൈം അവതരണത്തിനിടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഗസ്സ പ്രമേയമായതിനാല്‍ അധ്യാപകര്‍ ഇടപെട്ട് മൈം ഷോ നിര്‍ത്തിവെക്കുകയായിരുന്നു. പിന്നാലെ അധ്യാപകരും വിദ്യാര്‍ത്ഥികളും വാക്കുതര്‍ക്കമാവുകയും ശനിയാഴ്ച നടക്കേണ്ട കലോത്സവം നിര്‍ത്തിവെക്കുകയായിരുന്നു.തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ, മൈം നിര്‍ത്തിവെച്ച നടപടിയെ വിമര്‍ശിച്ച് രംഗത്തുവന്നു. ഇന്ന് രാവിലെയാണ് കലോത്സവം പുന: രാരംഭിച്ചത്.കനത്ത പൊലീസ് സുരക്ഷയില്‍ മൈം വീണ്ടും അവതരിപ്പിച്ചു. ഇതിനിടെ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തി. സ്‌കൂളിന് പുറത്ത് പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it