ചന്ദ്രഗിരി കോട്ടയുടെ നടത്തിപ്പ് അവകാശം ഇനി ഡി.ടി.പി.സിക്ക്: ധാരണ മൂന്നുവര്‍ഷത്തേക്ക്

കാസര്‍കോട്: ചന്ദ്രഗിരിക്കോട്ടയുടെ നടത്തിപ്പ് അവകാശം മൂന്ന് വര്‍ഷത്തേക്ക് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കൈമാറും. കേരള പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള സംരക്ഷിത സ്മാരകമാണ് ചന്ദ്രഗിരിക്കോട്ട. ഡി.ടി.പി.സിക്ക് നടത്തിപ്പ് ചുമതല നല്‍കുന്നത് സംബന്ധിച്ചുള്ള ധാരണപത്രം ഒപ്പുവെക്കുന്നതിന് പുരാവസ്തു വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. വിനോദ സഞ്ചാരികളെ കോട്ടയിലേക്ക് ആകര്‍ഷിക്കാനുതകുന്ന രീതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനുള്ള ചുമതല ഡി.ടി.പി.സിക്കായിരിക്കും ഇനി. കോട്ടയുടെ ഉടമസ്ഥാവകാശം സംസ്ഥാന പുരാവസ്തു വകുപ്പില്‍ തന്നെ നിക്ഷിപ്തമാക്കി നിലവിലെ ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് കോട്ട നടത്തിപ്പ് അവകാശം കൈമാറുന്നത്. ഇത് സംബന്ധിച്ച് പുരാവസ്തു ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.
കാസര്‍ഗോഡ് ജില്ലയ്ക്ക് തെക്കു കിഴക്കായി ചന്ദ്രഗിരി പുഴയുടെ തീരത്തായാണ് ചന്ദ്രഗിരിക്കോട്ട സ്ഥിതിചെയ്യുന്നത്. പുഴയിലേക്കും അറബിക്കടലിലേക്കും തെങ്ങിന്‍ തോപ്പുകളിലേക്കുമുള്ള ഒരു മനോഹരമായ ജാലകമാണ് ചന്ദ്രഗിരിക്കോട്ട. 17-ആം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ കോട്ട ചരിത്ര-പുരാവസ്തു വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകമാണ്. സമുദ്രനിരപ്പില്‍ നിന്നും 150 അടിയോളം ഉയരത്തില്‍ ഏകദേശം 7 ഏക്കര്‍ സ്ഥലത്ത് ചതുരാകൃതിയില്‍ കോട്ട വ്യാപിച്ചു കിടക്കുന്നു.