ഡി.ടി.പി.സി ജില്ലാതല ഓണാഘോഷം; ചെറുവത്തൂരില്‍ തുടക്കമായി

കാസര്‍കോട്: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണസംവിധാനത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാതല ഓണാഘോഷങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ മൂന്നിന് വൈകുന്നേരം അഞ്ചിന് എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചെറുവത്തൂര്‍ ഇ.എം.എസ്. സ്മാരക ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ജില്ലാതല പൂക്കള മത്സരത്തോടെ ഓണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സെപ്റ്റംബര്‍ രണ്ടിന് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിങ്ങ് മത്സരങ്ങള്‍ നടക്കും. എല്‍.പി., യു.പി., ഹൈസ്‌കൂള്‍, പ്ലസ് ടു, കോളേജ് വിഭാഗങ്ങളായി സംഘടിപ്പിക്കുന്ന മത്സരത്തില്‍ ഒന്നാം സ്ഥാനത്തിന് 3000 രൂപയും രണ്ടാം സ്ഥാനത്തിന് 2000 രൂപയും മൂന്നാം സ്ഥാനത്തിന് 1000 രൂപ യുമാണ് സമ്മാനത്തുക. മൂന്നിന് വൈകുന്നേരം നാല് മണിക്ക് ചെറുവത്തൂര്‍ പുതിയ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വനിതാ - പുരുഷ വിഭാഗത്തിലായി നടക്കുന്ന കമ്പവലി മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും നാലും സ്ഥാനക്കാര്‍ക്ക് യഥാക്രമം 12000 രൂപ, 8000 രൂപ, 4000 രൂപ, 3000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസ് നല്‍കും. സെപ്റ്റംബര്‍ മൂന്നിന് വൈകുന്നേരം നാലരയ്ക്ക് ചെറുവത്തൂര്‍ ടൗണില്‍ നിന്ന് സാംസ്‌കാരിക ഘോഷയാത്രയും തുടര്‍ന്ന് ഔദ്യോഗിക ഉദ്ഘാടനവും നടക്കും.
ഉദ്ഘാടനത്തില്‍ സിനിമ-സീരിയല്‍ താരം ഉണ്ണി രാജയും സിനിമ താരം പി.പി കുഞ്ഞി കൃഷ്ണനും വിശിഷ്ടാതിഥികളാകും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.ജെ സജിത്ത്,ഡിടിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.വി രമേശന്‍. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എ നസീബ് സംസാരിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.
സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഏഴ് വരെ വൈകുന്നേരം അഞ്ച് മണി മുതല്‍ രാത്രി 10 മണിവരെ കലാപരിപാടികള്‍ അരങ്ങേറും.
സെപ്റ്റംബര്‍ മൂന്നിന് ഇ.ജി അപര്‍ണ ശര്‍മ്മ, തിരുവനന്തപുരം അവതരിപ്പിക്കുന്ന ഭരത നാട്യം, കുടുംബശ്രീ ജില്ലാ മിഷന്‍ നേതൃത്വത്തില്‍ നടക്കുന്ന തനതു നാടന്‍ കലാപരിപാടി, കണ്ണൂര്‍ ഷെരീഫും സംഘത്തിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടി'ഓണനിലാവ് ', സെപ്റ്റംബര്‍ നാലിന് ചെറുവത്തൂര്‍ ജയശ്രീ ജയരാജിന്റെ നേതൃത്വത്തില്‍ കൈകൊട്ടിക്കളി, ഒപ്പന, കലാമണ്ഡലം അഭിജോഷ് അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, സജീവന്‍ ഇടയിലക്കാട് അവതരിപ്പിക്കുന്ന ഗസല്‍തേന്‍ മഴ, പുഷ്പാവതി യുടെ നേതൃത്വത്തില്‍ സംഗീത വിരുന്ന് ഉത്രാടസന്ധ്യ.
സെപ്റ്റംബര്‍ അഞ്ചിന് ശ്രീ നെല്ലിക്കാ തുരുത്തി കഴകം ഭാഗവതി ക്ഷേത്രം പൂരക്കളി സംഘം അവതരിപ്പിക്കുന്ന പൂരക്കളി, മടിക്കൈ ചിന്മയ കലാനിലയത്തിന്റെ യക്ഷ ഗാനം, കോഴിക്കോട് ബിഗ് ബാന്‍ഡിന്റെ സംഗീത പരിപാടി
സെപ്റ്റംബര്‍ ആറിന് ഉപ്പള മൊഗര്‍ സര്‍വീസ് സൊസൈറ്റിയുടെ ഉടുക്കുകൊട്ടികളി, കോഴിക്കോട് ശ്രാവണികയുടെ മോഹിനിയാട്ടം, കയ്യൂര്‍ അമ്മമ്മക്കൂട്ടത്തിന്റെ ഫ്യൂഷന്‍ ഡാന്‍സ്, പാലക്കാട് വിശ്വനാഥ പുലവരുടെ തോല്‍പ്പാവക്കൂത്ത്, തളിപ്പറമ്പ് കലാക്ഷേത്രം അവതരിപ്പിക്കുന്ന ഡാന്‍സ് ഫിയസ്റ്റ 'കുരുക്ഷേത്ര'
സെപ്റ്റംബര്‍ ഏഴിന് തുരുത്തി പീപ്പിള്‍സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് സെന്ററിന്റെ അലാമിക്കളി, കാസറഗോഡ് മഹിളാ സമാഖ്യ സൊസൈറ്റിയുടെ ''ആട്ടവും പാട്ടും, കാസറഗോഡ് ടീം തക്ക തക്കയുടെ സിനിമാറ്റിക് ഡാന്‍സ്, ഇല്ലം മ്യൂസിക് ബാന്‍ഡിന്റെ സംഗീത വിരുന്ന്
അഞ്ച് ദിവസങ്ങളിലായി 19 പരിപാടികള്‍ ഉള്‍പ്പെടുത്തി, ഇരുന്നൂറിലധികം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത, നാടോടി കലാരൂപങ്ങള്‍, നൃത്തം, ഗസല്‍, ചാക്യാര്‍കൂത്ത്, തോല്‍പ്പാവക്കൂത്ത് എന്നിവ കോര്‍ത്തിണക്കി മനോഹരമായ ഓണാഘോഷമാണ് ടൂറിസം വകുപ്പ് ഒരുക്കുന്നത്.
ജില്ലാതല ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ ആറിന് പരവനടുക്കം ഓള്‍ഡ് ഏജ് ഹോമില്‍ സ്നേഹ സദ്യ സംഘടിപ്പിക്കും. ചെറുവത്തൂര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ ദീപാലങ്കാരങ്ങള്‍ ഒരുക്കും. സെപ്റ്റംബര്‍ മൂന്നിന് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ വൈവിധ്യമാര്‍ന്ന രീതിയില്‍ പങ്കെടുക്കുന്ന മികച്ച കുടുംബശ്രീ, സ്വയം സഹായ സംഘങ്ങള്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കും. സമാപന സമ്മേളനം സെപ്റ്റംബര്‍ ഏഴിന് വൈകുന്നേരം നടക്കും.