തിരഞ്ഞെടുപ്പ് തിരക്കിനിടെ ലഹരിക്കടത്ത് വ്യാപകം; ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായത് ആറുപേര്‍
കാസര്‍കോട്, വിദ്യാനഗര്‍, ഹൊസ് ദുര്‍ഗ്, ബേക്കല്‍ പൊലീസ് സ്റ്റേഷനുകളിലായി നാല്‍പത് ഗ്രാം എം.ഡി.എം.എയും ആറ് ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചു

കാസര്‍കോട്: തിരഞ്ഞെടുപ്പ് തിരക്കിനിടെ ജില്ലയില്‍ എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് കടത്തും വില്‍പനയും വ്യാപകമെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധന കടുപ്പിച്ചു. കാസര്‍കോട്, വിദ്യാനഗര്‍, ഹൊസ് ദുര്‍ഗ്, ബേക്കല്‍ പൊലീസ് സ്റ്റേഷനുകളിലായി നാല്‍പത് ഗ്രാം എം.ഡി.എം.എയും ആറ് ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചു. നാല് ദിവസത്തിനിടെ ലഹരികടത്ത് സംഘത്തിലെ ആറ് പേരാണ് പിടിയിലായത്.
വാഹന പരിശോധനക്കിടെ ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയിലായി. ഷിരിബാഗിലു നാഷണല്‍ നഗര്‍ സ്വദേശിയും മുളിയാര്‍ മാസ്തിക്കുണ്ട് ക്വാട്ടേഴ്സില്‍ താമസിക്കുന്ന ഉസ്മാന്‍ കെ (43), ഷിരിബാഗിലു ബദര്‍ പള്ളിക്ക് സമീപം താമസിക്കുന്ന അബ്ദുല്‍ റഹിമാന്‍ (55) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. 28.32 ഗ്രാം എം.ഡി.എം.എ യാണ് ഇവരില്‍ നിന്നും പിടികൂടിയത്.
വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സംശയാസ്പദമായ സാചര്യത്തില്‍ കണ്ട ആളെ വിദ്യാനഗര്‍ പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പരിശോധിച്ചപ്പോള്‍ 6 ഗ്രാം എം.ഡി.എം.എ യും 6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടി. ഉളിയത്തടുക്ക ഗണേഷ് നഗര്‍ സ്വദേശി മുഹമ്മദ് ഹനീഫ (34) ആണ് പിടിയിലായത്.
ഹൊസ് ദുര്‍ഗ് പൊലീസിന് വീട്ടില്‍ ലഹരി സൂക്ഷിച്ചതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 3 ഗ്രാം എം.ഡി.എം.എയുമായി മുറിയാനാവി സ്വദേശി ഷാജഹാന്‍ അബൂബക്കര്‍ (41) പിടിയിലായി. കഴിഞ്ഞ ദിവസം ബേക്കല്‍ പൊലീസ് പയ്യന്നൂര്‍ രാമന്തളി കുന്നരു സ്വദേശികളായ എം. പ്രജിത്ത് (33), ടി. സജിത്ത് (36) എന്നിവരെ 1.95 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു.

