കുട്ടികളെ വലയിലാക്കാന്‍ കഞ്ചാവ് മിഠായി ; രണ്ടുപേര്‍ അറസ്റ്റില്‍

കുഞ്ചുത്തൂര്‍ കുച്ചിക്കാടിലെ അബ്ദുല്‍ മുനീര്‍, ഉദ്യാവാര്‍ ബല്ലങ്കോടിലെ മുഹമ്മദ് ഹനീഫ എന്നിവരാണ് അറസ്റ്റിലായത്

ഹൊസങ്കടി: കുട്ടികളെ വലയിലാക്കാന്‍ മയക്കു മരുന്ന് സംഘം കഞ്ചാവ് മിഠായി ഇറക്കി. ലഹരി മിഠായിയുമായി രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. കുഞ്ചുത്തൂര്‍ കുച്ചിക്കാടിലെ അബ്ദുല്‍ മുനീര്‍ (48), ഉദ്യാവാര്‍ ബല്ലങ്കോടിലെ മുഹമ്മദ് ഹനീഫ (39) എന്നിവരെയാണ് കാസര്‍കോട് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നോര്‍ക്കോട്ടിക് സ്പെഷല്‍ സ്‌ക്വാഡിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ വിഷ്ണു പ്രകാശും സംഘവും അറസ്റ്റ് ചെയ്തത്.

പ്രതികളില്‍ നിന്ന് 81 ഗ്രാം കഞ്ചാവ് മിഠായിയും രണ്ട് ഗ്രാം കഞ്ചാവും 0.21 ഗ്രാം മെത്താംഫിറ്റാമിനും പിടിച്ചെടുത്തു. കുട്ടികളെ വലയിലാക്കാന്‍ കഞ്ചാവ് മയക്കു മരുന്ന് മാഫിയ സംഘം കഞ്ചാവ് മിഠായി രംഗത്തിറക്കിയെന്നാണ് കരുതുന്നത്. മയക്കു മരുന്ന് സംഘത്തെ ഒതുക്കാന്‍ വേണ്ടി എക്സൈസ് സംഘം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ശ്രിനിവാസന്‍ പത്തില്‍, വി. പ്രമോദ് കുമാര്‍, പ്രിവിന്റീവ് ഓഫിസര്‍ സി.അജീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സോനു സെബാസ്റ്റ്യാന്‍, വി.വി.ഷിജിത്ത്, എല്‍ മോഹന്‍ കുമാര്‍, ഡ്രൈവര്‍ ക്രിസ്റ്റിന്‍, എക്സൈസ് സൈബര്‍ സെല്ലിലെ സിവില്‍ ഓഫീസര്‍ നിഖില്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

Related Articles
Next Story
Share it