തലപ്പാടിയിലെ ആറ് പേരുടെ മരണത്തിന് കാരണം ബസിന്റെ അമിതവേഗതയും ടയറിന്റെ തേയ്മാനവും
പൊലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ബസില്‍ കയറി നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍

മഞ്ചേശ്വരം: തലപ്പാടിയിലുണ്ടായ അപകടത്തില്‍ ആറ് പേരുടെ മരണത്തിന് കാരണം ബസിന്റെ അമിത വേഗതയും ടയറിന്റെ തേയ്മാനവുമെന്ന് കണ്ടെത്തല്‍. വ്യാഴാഴ്ച തലപ്പാടിയില്‍ ബസിടിച്ച് ഓട്ടോ യാത്രക്കാരായ ആറ് പേര്‍ മരിക്കാന്‍ കാരണം ബസിന്റെ ബ്രേക്ക് പൊട്ടിയത് മൂലമാണെന്നാണ് ബസ് ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്. പിന്നീട് പൊലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ബസില്‍ കയറി വിശദമായി പരിശോധിച്ചപ്പോള്‍ ബ്രേക്ക് പൊട്ടിയിട്ടില്ലെന്ന് കണ്ടെത്തി.
ബസിന്റെ പിറകുവശത്തെ ടയറുകള്‍ തേഞ്ഞുപോയതായി പരിശോധനയില്‍ വ്യക്തമായി. കാസര്‍കോട് ഡിപ്പോയില്‍ നിന്ന് മംഗളൂരുവിലേക്ക് അമിത വേഗതയില്‍ പോകുകയായിരുന്ന കര്‍ണ്ണാടക ട്രാന്‍സ് പോര്‍ട്ട് ബസ് തലപ്പാടിയില്‍ എത്തിയപ്പോള്‍ എതിരെ വരികയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയും ഒരുതവണ വട്ടംകറങ്ങിയതിന് ശേഷം പിറകോട്ട് ഓടി മറ്റൊരു ഓട്ടോറിക്ഷയിലിടിച്ച് നില്‍ക്കുകയുമായിരുന്നു.
ഉപ്പളയില്‍ നിന്ന് ബസ് പുറപ്പെടുമ്പോള്‍ തന്നെ അമിത വേഗതയിലായിരുന്നുവെന്ന് ബസ് യാത്രക്കാര്‍ പറയുന്നു. ബസ് തലപ്പാടിയില്‍ എത്തുമ്പോള്‍ നല്ല മഴയായിരുന്നു. ഡ്രൈവര്‍ പെട്ടെന്ന് നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ബസ് നിയന്ത്രണം വിട്ട് തലങ്ങും വിലങ്ങും ഓടിയതിന് ശേഷം ആറുപേര്‍ സഞ്ചരിച്ച ഓട്ടോയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പൂര്‍ണമായി തകരുകയും ഓട്ടോയില്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാര്‍ ഓട്ടോ പൊളിച്ചു മാറ്റിയതിന് ശേഷം പുറത്തെടുത്ത് ആസ്പത്രിയിലേക്കെത്തിക്കുകയുമായിരുന്നു. അപ്പോഴേക്കും പലരും മരിച്ചിരുന്നു.