കാര്‍ ഓട്ടോയിലിടിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ച സംഭവം; കാറോടിച്ച 16കാരന്റെ പിതാവിനും അമ്മാവനുമെതിരെ കേസ്

ഷേണി ബാരെദളയിലെ നാരായണമൂല്യയുടെ മരണവുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്

ബദിയടുക്ക: കാര്‍ ഓട്ടോയിലിടിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ കാറോടിച്ച പതിനാറുകാരന്റെ പിതാവിനെയും അമ്മാവനെയും പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തു. ഷേണി ബാരെദളയിലെ നാരായണമൂല്യ(67)യുടെ മരണവുമായി ബന്ധപ്പെട്ട് പതിനാറുകാരന്റെ പിതാവ് മുഹമ്മദ് ഷെരീഫ്, അമ്മാവന്‍ ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്.

അപകടം വരുത്തിയ കാറിന്റെ ആര്‍.സി ഉടമ മുഹമ്മദ് ഷെരീഫാണ്. ഇയാള്‍ വിദേശത്താണ്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 9 മണിയോടെ പെര്‍ള കജംപാടി ആസ്പത്രിക്ക് സമീപമാണ് അപകടം നടന്നത്. ഷേണിയില്‍ നിന്ന് പെര്‍ളയിലെ സ്വകാര്യാസ്പത്രിയിലേക്ക് രോഗിയെ കൊണ്ടുപോയ ശേഷം നാരായണമൂല്യ ഓട്ടോയില്‍ മടങ്ങുകയായിരുന്നു. പിന്നില്‍ നിന്നും അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയും ഗുരുതരമായി പരിക്കേറ്റ നാരായണമൂല്യ മരണപ്പെടുകയുമായിരുന്നു. കാര്‍ കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാര്‍ ഓടിച്ചത് പതിനാറുകാരനാണെന്ന് വ്യക്തമായത്.

Related Articles
Next Story
Share it