പൊലീസ് പിന്തുടരുന്നതിനിടെ രക്ഷപ്പെട്ട മയക്കുമരുന്ന് കടത്ത് കേസിലെ പ്രതിയായ ഡോക്ടര്‍ അറസ്റ്റില്‍

കാസര്‍കോട്ട് ഡെന്റല്‍ ക്ലിനിക്ക് നടത്തുന്ന ഡോ. വി.പി മുഹമ്മദ് സുനീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

ചെര്‍ക്കള : ഡ്യൂട്ടിക്കിടെയുണ്ടായ സഹപ്രവര്‍ത്തകന്റെ അപകടമരണം വരുത്തിയ വേദനക്കിടയിലും അന്വേഷണം തുടര്‍ന്ന പൊലീസ് രക്ഷപ്പെട്ട മയക്കുമരുന്ന് കടത്ത് കേസിലെ പ്രതിയായ ദന്തഡോക്ടറെ പിന്തുടര്‍ന്ന് പിടികൂടി. കാസര്‍കോട്ട് ഡെന്റല്‍ ക്ലിനിക്ക് നടത്തുന്ന കരിവെള്ളൂര്‍ ഗവ. ആസ്പത്രിക്ക് സമീപത്തെ ഡോ. വി.പി മുഹമ്മദ് സുനീറിനെ(32)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ ചട്ടഞ്ചാല്‍ കുറക്കുന്ന് മെട്ട നിസാമുദ്ദീന്‍ നഗറിലെ ബി.എം അഹമ്മദ് കബീറിനെ(36) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

വ്യാഴാഴ്ച വൈകിട്ട് മയക്കുമരുന്ന് കടത്തുകയായിരുന്ന കാര്‍ അമ്പത്തഞ്ചാം മൈലില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയിരുന്നു. പൊലീസ് പിന്തുടര്‍ന്നതോടെ കാര്‍ മുന്നിലുള്ള സ്‌കൂട്ടറിലിടിച്ചു. ഇതോടെ കാറിലുണ്ടായിരുന്ന ഡോ. മുഹമ്മദ് സുനീര്‍ ഇറങ്ങിയോടുകയും ഒപ്പമുണ്ടായിരുന്ന ബി.എം അഹമ്മദ് കബീര്‍ അറസ്റ്റിലാവുകയുമായിരുന്നു.

രക്ഷപ്പെട്ട ഡോ. വി.പി മുഹമ്മദ് സുനീറിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിനിടെ വെള്ളിയാഴ്ച പുലര്‍ച്ചെ ചെങ്കള നാലാംമൈലില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ബേക്കല്‍ ഡി.വൈ.എസ്.പിയുടെ ഡാന്‍സാഫ് സ്‌ക്വാഡിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ.കെ സജീഷ്(35) മരിക്കുകയും മറ്റൊരു സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുഭാഷ് ചന്ദ്രന്(40) ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 2.45 മണിയോടെയാണ് അപകടമുണ്ടായത്.

സജീഷും സുഭാഷ് ചന്ദ്രനും സഞ്ചരിച്ച കെ.എല്‍ 60 ടി 0363 നമ്പര്‍ മാരുതി കാറും എതിരെ വരികയായിരുന്ന കെ.എല്‍ 14 ജെ 8782 നമ്പര്‍ ടിപ്പര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരെയും ചെങ്കള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സജീഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സഹപ്രവര്‍ത്തകന്റെ അപകടമരണം വരുത്തിയ വേദനക്കിടയിലും പൊലീസ് അന്വേഷണം തുടരുകയും രക്ഷപ്പെട്ട പ്രതിയെ പിടികൂടുകയുമായിരുന്നു.

Related Articles
Next Story
Share it