അഴിമതിക്കെതിരെ സിപിഎം കുമ്പള പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജനമാര്‍ച്ച് നടത്തും
നവംബര്‍ 4നാണ് പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുന്നത്

കുമ്പള : കുമ്പള ഗ്രാമപഞ്ചായത്ത് യു ഡി എഫ് ഭരണസമിതിയുടെ അഴിമതിക്കും ഭരണ കെടുകാര്യസ്ഥതയ്ക്കുമെതിരെ സിപിഎം കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജനമാര്‍ച്ച് നടത്തും. നവംബര്‍ 4നാണ് പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുന്നത്. ധര്‍ണ്ണ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിപിപി മുസ്തഫ ഉദ്ഘാടനം ചെയ്യും. ഇതിന്റെ പ്രചരണാര്‍ത്ഥം നവംബര്‍ രണ്ടിന് ജി രത്നാകര ലീഡറും കെബി യൂസഫ് മാനേജറുമായ വാഹന പ്രചരണ ജാഥയും നടത്തും. വാഹന പ്രചരണ ജാഥ കളത്തൂരില്‍ നിന്ന് ആരംഭിച്ച് കുമ്പളയില്‍ സമാപിക്കും.
ജാഥ കളത്തൂരില്‍ സി.പി.എം ഏരിയ കമ്മിറ്റിയംഗം പി രഘുദേവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ജാഥ സമാപനം കുമ്പളയില്‍ സി.പി.എം കുമ്പള ഏരിയ സെക്രട്ടറി സി.എ സുബൈര്‍ ഉദ്ഘാടനം ചെയ്യും. കുമ്പള പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൗണില്‍ സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ടേക്ക് എ ബ്രേക്ക്, വിവിധ ഗ്രാമീണ റോഡുകള്‍, മിനി ഹൈമാസ് ലൈറ്റുകള്‍, തുറമുഖ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആരിക്കാടി ഷിറിയ മാനുവല്‍ ഡ്രാഞ്ചിങ് മണല്‍ കടവിന്റെ മറവില്‍ നടത്തിയ ലക്ഷങ്ങളുടെ അഴിമതി എന്നിവ ഉള്‍പ്പെടെ തൊട്ടതിലെല്ലാം അഴിമതി നടത്തുകയും ലക്ഷക്കണക്കിന് പൊതുമുതല്‍ കൊള്ളയടിച്ച് കൊള്ള മുതല്‍ പങ്കുവെക്കുന്നതില്‍ പരസ്പരം തമ്മിലടിച്ച് ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരായി മാറുകയും ചെയ്തിരിക്കുകയാണ് കുമ്പള പഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതിക്ക് നേതൃത്വം കൊടുക്കുന്ന മുസ്ലിം ലീഗ് നേതൃത്വമെന്ന് സി.പി.എം ആരോപിച്ചു.
ലോകത്തിനും രാജ്യത്തിനും മാതൃകയായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ജനകീയ പദ്ധതികളായ ലൈഫ് മിഷന്‍ പദ്ധതി, ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല, കലാകായികം, ടൂറിസം മേഖലകളില്‍ ഒരു സംഭാവനയും ചെയ്യാന്‍ കഴിയാത്ത കുമ്പള പഞ്ചായത്ത് ഭരണസമിതി അഴിമതി നടത്തിയും പൊതുമുതല്‍ കൊള്ളയടിച്ചും ജനങ്ങളെ വെല്ലുവിളിക്കുകയാണ്. എസ്.ഡി.പി.ഐ പിന്തുണയോടു കൂടി ഭരണം നടത്തുന്ന കുമ്പള പഞ്ചായത്ത് ഭരണസമിതിക്ക് അഴിമതിയുടെ വിഹിതം പറ്റി കൂട്ടുനില്‍ക്കുന്ന വഞ്ചനാപരമായ നിലപാടാണ് എസ്.ഡി.പി.ഐയും ബി.ജെ.പിയും സ്വീകരിക്കുന്നതെന്ന് സി.പി.എം കുറ്റപ്പെടുത്തി.








