ദേലമ്പാടി പഞ്ചായത്തിലെ ബി.എല്‍.ഒയെ മര്‍ദ്ദിച്ച കേസില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി റിമാണ്ടില്‍

സി.പി.എം പാണ്ടി ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ സുരേന്ദ്രനെയാണ് റിമാണ്ട് ചെയ്തത്

അഡൂര്‍ : ദേലമ്പാടി പഞ്ചായത്തിലെ എട്ടാംവാര്‍ഡ് ബൂത്ത് ലെവല്‍ ഓഫീസറെ മര്‍ദ്ദിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയായ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ കോടതി റിമാണ്ട് ചെയ്തു. സി.പി.എം പാണ്ടി ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ സുരേന്ദ്രനെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്.

ബി.എല്‍.ഒ പി അജിത്തിന്റെ പരാതിയിലാണ് സുരേന്ദ്രനെതിരെ ആദൂര്‍ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ബിവറേജ് കോര്‍പ്പറേഷന്‍ ബന്തടുക്ക ഔട്ട് ലെറ്റിലെ എല്‍.ഡി ക്ലര്‍ക്കായ അജിത്തിന് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫീസറായി ചുമതല നല്‍കിയിരുന്നു. പയറടുക്കയില്‍ നടന്ന തീവ്ര വോട്ടര്‍ പട്ടിക പുനപരിശോധനാ ക്യാമ്പിനിടെയാണ് ബി.എല്‍.ഒ കയ്യേറ്റത്തിനിരയായത്. വാര്‍ഡിലെ ഒരു വീട്ടിലെത്തിയപ്പോള്‍ വോട്ടറെ നേരില്‍ കാണാനാകാത്തതിനാല്‍ അയല്‍വീട്ടിലാണ് ബി.എല്‍.ഒ ഫോം നല്‍കിയത്.

വോട്ടര്‍ വീട്ടില്‍ തിരിച്ചെത്തിയാല്‍ ഫോം ഏല്‍പ്പിക്കണമെന്ന് അയല്‍വാസിയെ അറിയിച്ച ശേഷമാണ് അജിത്ത് മടങ്ങിയത്. എന്നാല്‍ വോട്ടര്‍ക്ക് ഫോം നല്‍കിയില്ലെന്ന് പറഞ്ഞ് ക്യാമ്പിനിടെ സുരേന്ദ്രന്‍ കയര്‍ത്ത് സംസാരിച്ചു. ഇത് ചോദ്യം ചെയ്തപ്പോള്‍ അജിത്തിനെ സുരേന്ദ്രന്‍ മര്‍ദ്ദിച്ചുവെന്നാണ് അജിത്ത് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

Related Articles
Next Story
Share it