കാഞ്ഞങ്ങാട്ട് 14 കാരിയേയും 13 കാരനേയും പീഡിപ്പിച്ച കേസുകളില്‍ പ്രതികള്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

മുളിയാറിലെ കെ നിത്യാനന്ദനെയും പടന്നക്കാട്ടെ വിവി സുകുമാരനേയുമാണ് ശിക്ഷിച്ചത്

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് 14 കാരിയേയും 13 കാരനേയും പീഡിപ്പിച്ച കേസുകളില്‍ പ്രതികള്‍ക്ക് തടവും പിഴയും ശിക്ഷവിധിച്ച് കോടതി. പതിനാലുകാരിയെ ആള്‍താമസമില്ലാത്ത വീട്ടില്‍ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി 20 വര്‍ഷവും ആറുമാസവും കഠിനതടവും 16,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ എട്ട് മാസം അധികതടവ് അനുഭവിക്കണം.

മുളിയാര്‍ പൈക്ക റോഡിലെ മല്ലം ഹൗസില്‍ കെ നിത്യാനന്ദനെ(29)യാണ് ഹൊസ് ദുര്‍ഗ് അതിവേഗ സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി പി.എം സുരേഷ് ശിക്ഷിച്ചത്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാലുകാരിയെ 2023 ജൂലൈ 21ന് ഉച്ചക്ക് ഒരു മണിക്ക് പ്രതി ആള്‍താമസമില്ലാത്ത കെട്ടിടത്തിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ഇന്‍സ്പെക്ടര്‍ എ അനില്‍കുമാറാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ ഗംഗാധരന്‍ ഹാജരായി.

കാഞ്ഞങ്ങാട്ടെ 13കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചു. പടന്നക്കാട് കുറുന്തൂരിലെ വി.വി സുകുമാരനാ(69)ണ് ഹൊസ് ദുര്‍ഗ് അതിവേഗ സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 13വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ ആണ് സുകുമാരന്‍ പീഡിപ്പിച്ചത്.

2024 മാര്‍ച്ച് 8ന് ഉച്ചയോടെ പടന്നക്കാട്ടെ ഗുളികന്‍ അറയില്‍ തെയ്യത്തിന് പോയ സമയം കുട്ടിയെ അറയുടെ സമീപം വെച്ച് പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. അന്നത്തെ ഹൊസ് ദുര്‍ഗ് എസ്.ഐ ഐ.വി ധര്‍മ്മരാജനാണ് ആദ്യം അന്വേഷണം നടത്തിയത്. തുടര്‍ന്നുള്ള അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ എസ്.എം.എസ് ഡി.വൈ .എസ്.പിയായിരുന്ന എം കൃഷ്ണനാണ്. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുര്‍ഗ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ ഗംഗാധരന്‍ ഹാജരായി.

Related Articles
Next Story
Share it