15 പവന്‍ സ്വര്‍ണ്ണവും അരലക്ഷം രൂപയും കവര്‍ന്ന കേസില്‍ പ്രതി റിമാണ്ടില്‍; കൂട്ടാളിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതം
മഞ്ചേശ്വരം കുണ്ടുകൊളക്കയിലെ മുഹമ്മദ് ശിഹാബിനെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്

കാസര്‍കോട്: ചെങ്കള നാലാംമൈലില്‍ വീട് കുത്തിതുറന്ന് 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും അരലക്ഷം രൂപയും കവര്‍ന്ന കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. മഞ്ചേശ്വരം കുണ്ടുകൊളക്കയിലെ മുഹമ്മദ് ശിഹാബിനെ(32)യാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. ചെങ്കള നാലാംമൈലിലെ കെ.എ സത്താറിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലാണ് ശിഹാബ് അറസ്റ്റിലായത്. ആഗസ്ത് ആറിന് രാത്രിയാണ് സത്താറിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയത്. 15 പവന്‍ സ്വര്‍ണ്ണത്തിനും പണത്തിനും പുറമെ വീട്ടിലെ സ്വീകരണമുറിയിലുണ്ടായിരുന്ന സി.സി. ടി.വിയുടെ റെക്കോര്‍ഡിംഗ് സംവിധാനവും കവര്‍ച്ച ചെയ്തിരുന്നു.
രാത്രി 8.15നും 9.15നും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്. സത്താറും കുടുംബവും വീട് പൂട്ടി ചൂരിയിലുള്ള സഹോദരന്റെ വീട്ടില്‍ പോയ സമയത്താണ് കവര്‍ച്ച നടന്നത്. ഇരുനില വീടിന്റെ വിവിധ ഭാഗങ്ങളിലായി എട്ട് നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചിരുന്നു. വീടിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ മകളുടെ ക്യാമറയില്‍ വന്നുകൊണ്ടിരിക്കെ പെട്ടെന്ന് നിലയ്ക്കുകയായിരുന്നു. വൈദ്യുതി പോകുമ്പോള്‍ ദൃശ്യങ്ങള്‍ നിലക്കാറുണ്ടെന്നതിനാല്‍ ഇത് കാര്യമാക്കിയില്ല. പിന്നീട് കുടുംബം തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി.
താഴത്തെ രണ്ട് കിടപ്പുമുറികളിലായി സൂക്ഷിച്ച സ്വര്‍ണ്ണവും അരലക്ഷം രൂപയുമാണ് നഷ്ടമായത്. കാസര്‍കോട് എ.എസ്.പി നന്ദഗോപന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീടുവളഞ്ഞാണ് മുഹമ്മദ് ശിഹാബിനെ പിടികൂടിയത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. നാലാംമൈലിലെ കവര്‍ച്ചയില്‍ ശിഹാബിനൊപ്പമുണ്ടായിരുന്ന യുവാവിനെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചു. ഇയാളെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജ്ജിതമാക്കി.
പുല്ലൂരിലെ പ്രവാസിയായ പി പത്മനാഭന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ സംഭവത്തിലും മുഹമ്മദ് ശിബാഹിന് പങ്കുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ആഗസ്ത് 25ന് രാത്രിയാണ് പത്മനാഭന്റെ വീട്ടില്‍ കവര്‍ച്ചാശ്രമം നടന്നത്. ഈ കേസിലെ മറ്റൊരു പ്രതിയായ കര്‍ണ്ണാടക ദേര്‍ളക്കട്ട സ്വദേശി അബ്ദുല്‍ മുദസറിനെ(28) അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുദസറിനെ ചോദ്യം ചെയ്തപ്പോഴാണ് തനിക്കൊപ്പം മുഹമ്മദ് ശിഹാബും ഉണ്ടായിരുന്നതായി മുദസിര്‍ വെളിപ്പെടുത്തിയത്. മുദസറിനെ ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തു. പുല്ലൂരിലെ കവര്‍ച്ചാശ്രമക്കേസില്‍ മുഹമ്മദ് ശിഹാബിനെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.