ലൈഫ് ഭവനത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയില്‍ കൃത്രിമം; വീടുപണി പകുതിയാകുന്നതിന് മുന്‍പ് തകര്‍ന്ന് വീണു

ലൈഫ് ഭവന പദ്ധതിയില്‍ അനുവദിച്ച വീടാണ് മതിയായ ഇരുമ്പ് കമ്പി ഘടിപ്പിക്കാത്തതിനെ തുടര്‍ന്ന് ഫില്ലര്‍ അടക്കം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ തകര്‍ന്ന് വീണത്

ബദിയടുക്ക: നിര്‍മ്മാണ പ്രവൃത്തിയില്‍ കൃത്രിമം നടത്തിയെന്ന് ആരോപണം. വീട് പണി പകുതിയാകുന്നതിന് മുന്‍പ് തകര്‍ന്ന് വീണു. പെരഡാല പട്ടിക വര്‍ഗ്ഗ ഗോത്ര സമുദായത്തില്‍പ്പെട്ട ഉന്നതിയിലാണ് സംഭവം.

ബദിയടുക്ക പഞ്ചായത്ത് പതിനാലാം വാര്‍ഡ് ഉന്നതിയില്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ലൈഫ് ഭവന പദ്ധതിയില്‍ അനുവദിച്ച വീടാണ് മതിയായ ഇരുമ്പ് കമ്പി ഘടിപ്പിക്കാത്തതിനെ തുടര്‍ന്ന് ഫില്ലര്‍ അടക്കം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ തകര്‍ന്ന് വീണത്.

നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന വീടിന്റെ വരാന്തയില്‍ ഘടിപ്പിച്ച ലിംണ്ടലിന് മതിയായ രീതിയില്‍ ഇരുമ്പ് ഘടിപ്പിക്കാതെയും അടിത്തറയില്‍ കോണ്‍ക്രിറ്റ് പാകാതെ വെറും ചെങ്കല്‍ ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തി എസ്റ്റിമേറ്റിന് വിരുദ്ധമായി ഇരുമ്പ് കമ്പി ഘടിപ്പിക്കാതെ പ്രവൃത്തി നടത്തിയതാണ് തകര്‍ന്ന് വീഴാന്‍ കാരണമായത് എന്നാണ് ആരോപണം.

പ്രവൃത്തി പൂര്‍ത്തിയാകുന്നതിന് മുന്‍പ് കോണ്‍ക്രിറ്റ് ഫില്ലര്‍ തകര്‍ന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. നിര്‍മ്മാണ പ്രവൃത്തി കരാര്‍ എടുത്ത വ്യക്തി ഗുണനിലവാരമില്ലാത്ത ചെങ്കല്ലുകളും മതിയായ രീതിയിലുള്ള ഇരുമ്പ് കമ്പികളും ഘടിപ്പിക്കാതെ പ്രവൃത്തി നടത്തിയതാണ് തകര്‍ച്ചയ്ക്ക് കാരണമായതെന്നും പ്രവൃത്തി ഏറ്റെടുത്ത വ്യക്തിക്കെതിരേയും പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥനെതിരേയും നടപടി സ്വീകരിക്കണമെന്നുമാണ് വീട്ടുകാരുടെ ആവശ്യം. പട്ടിക വര്‍ഗ്ഗ വികസന ക്ഷേമത്തിനായി കോടികള്‍ ചിലവഴിക്കുമ്പോള്‍ പ്രവൃത്തി കാര്യക്ഷമമായി നടത്തേണ്ട അധികൃതര്‍ അതില്‍ കയ്യിട്ട് വരാന്‍ കരാറുകാര്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Related Articles
Next Story
Share it