ദളിത് വിഭാഗത്തില്‍പെട്ട കിച്ചന്‍ ഹെല്‍പ്പറെ കേന്ദ്രസര്‍വകലാശാല അധികൃതര്‍ പുറത്താക്കിയ നടപടി വിവാദത്തില്‍

താല്‍ക്കാലിക ജീവനക്കാരെ പുറത്താക്കുമ്പോള്‍ നോട്ടീസ് നല്‍കണമെന്ന മാനദണ്ഡം പോലും പാലിക്കാതെയാണ് വൈസ് ചാന്‍സലറുടെ നടപടി എന്നാണ് പ്രധാന വിമര്‍ശനം

കാസര്‍കോട് : സാമ്പാറിന് രുചിയില്ലെന്നാരോപിച്ച് കേരള കേന്ദ്ര സര്‍വകലാശാലയിലെ ദളിത് വിഭാഗക്കാരനായ കിച്ചന്‍ ഹെല്‍പ്പറെ പുറത്താക്കിയ നടപടി വിവാദത്തിനിടയാക്കി. താല്‍ക്കാലിക ജീവനക്കാരെ പുറത്താക്കുമ്പോള്‍ നോട്ടീസ് നല്‍കണമെന്ന മാനദണ്ഡം പോലും പാലിക്കാതെയാണ് വൈസ് ചാന്‍സലറുടെ നടപടി എന്നാണ് പ്രധാന വിമര്‍ശനം. ഭക്ഷണം പാകംചെയ്ത മറ്റു ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ ദളിത് വിഭാഗക്കാരനായ കിച്ചന്‍ ഹെല്‍പ്പര്‍ക്കെതിരെ മാത്രം വൈസ് ചാന്‍സലര്‍ പ്രൊഫ. സിന്ധു പി. അല്‍ഗുര്‍ നടപടിയെടുത്തതാണ് വിമര്‍ശനത്തിനിടയാക്കിയത്.

ദളിത് വിഭാഗക്കാരോട് വൈസ് ചാന്‍സലര്‍ മോശമായി പെരുമാറുന്നുണ്ടെന്ന് കിച്ചന്‍ ഹെല്‍പ്പര്‍ രൂപേഷ് വേണു പറഞ്ഞു. വൈസ് ചാന്‍സലര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നവരില്‍ ദളിത് വിഭാഗക്കാര്‍ വേണ്ടെന്ന നിലപാടാണ് നടപടിക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് രൂപേഷ് പരാതി നല്‍കി. ഒക്ടോബര്‍ 13ന് കുക്ക് തയാറാക്കി വച്ച ഭക്ഷണം വൈസ് ചാന്‍സലര്‍ക്ക് നല്‍കി.

പിറ്റേന്ന് ഓഫീസില്‍ നിന്ന് വിളിച്ച് ഭക്ഷണം മോശമാണെന്നും അതിനാല്‍ പിരിച്ചുവിടുകയാണെന്നും പറഞ്ഞു. രണ്ടുദിവസം മാറിനില്‍ക്കാനാണ് ആദ്യം ആവശ്യപ്പെട്ടത്. താന്‍ രണ്ടുദിവസം മാറി നിന്നു. പിന്നീട് ഫോണില്‍ വിളിക്കുമ്പോള്‍ തീരുമാനമൊന്നും ആയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇപ്പോള്‍ ജോലിയും ശമ്പളവും ഇല്ലെന്നും രൂപേഷ് പറയുന്നു.

ഭക്ഷണം ഉണ്ടാക്കുന്നവരെ സഹായിക്കുക എന്നത് മാത്രമാണ് തന്റെ ജോലി. പക്ഷേ ഭക്ഷണം മോശമാണെന്ന് പറഞ്ഞ് തന്നെ മനഃപൂര്‍വം ഒഴിവാക്കിയെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും രൂപേഷ് പറഞ്ഞു. പട്ടികവര്‍ഗ വിഭാഗത്തിലുള്ള മാവിലന്‍ സമുദായാംഗമായ തനിക്കെതിരെയുണ്ടായ നടപടി വൈസ് ചാന്‍സലറുടെ ജാതി വിവേചനമാണെന്നും പരാതിയിലുണ്ട്.

Related Articles
Next Story
Share it