കുമ്പള ടോള്‍ പ്ലാസ നിര്‍മ്മാണം നിര്‍ത്തിവെക്കണം; നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ച് എകെഎം അഷ്റഫ് എംഎല്‍എ.

കുമ്പള :ദേശീയ പാത 66ല്‍ തലപ്പാടി - ചെങ്കള റീച്ചിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതിന് പിന്നാലെ കുമ്പളയില്‍ ടോള്‍ ഗേറ്റ് സ്ഥാപിക്കുവാനുള്ള നീക്കം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ. ആവശ്യം ഉന്നയിച്ച് എം.എല്‍.എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചു. ദേശീയ പാത 66 ല്‍ നിലവില്‍ തലപ്പാടിയില്‍ ടോള്‍ പിരിവ് ഉണ്ട്. ഇവിടെ നിന്നും 20 കി.മീറ്റര്‍ മാത്രം വ്യത്യാസത്തില്‍ രണ്ടാമത് ഒരു ടോള്‍ പിരിവ് നടത്തുന്നത് നിയമ വിരുദ്ധമാണ്. 60 കി.മീറ്ററിനുള്ളില്‍ ടോള്‍ പിരിക്കില്ലെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതാണ്. ഇതിന് ഘടക വിരുദ്ധമായാണ് ദേശീയ പാത അതോറിറ്റി ഇവിടെ ടോള്‍ പിരിക്കാനിറങ്ങുന്നത്. ദേശീയ പാത 66 ന്റെ തലപ്പാടി - ചെങ്കള ആദ്യ റീച്ച് പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ടെന്നും സെക്കന്റ് റീച്ച് പ്രവൃത്തി പൂര്‍ത്തിയാകാത്തതിനാല്‍ താല്‍ക്കാലികമായിട്ടാണ് കുമ്പളയില്‍ ടോള്‍ പിരിക്കുന്നതെന്നാണ് ദേശീയപാത അതോറിറ്റി അധികൃതര്‍ പറയുന്നത്. കരാര്‍ കമ്പനി സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിന്റെ പാപഭാരം ജനങ്ങളില്‍ അടിച്ചേല്‍പിക്കുന്നത് ഒരിക്കലും നീതീകരിക്കാനാകില്ല. കാസര്‍ക്കോട് , മഞ്ചേശ്വരം താലൂക്കുകളിലെ ജനങ്ങള്‍ പ്രധാനമായും വ്യാപാരം , തൊഴില്‍ , വിദ്യാഭ്യാസം , ആതുര സേവനം എന്നിവയ്ക്കായി ഏറെയും മംഗലാപുരത്തെയാണ് ആശ്രയിക്കുന്നത് .അത് കൊണ്ട് ഇവിടെ നിന്നും മംഗലാപുരത്ത് എത്താന്‍ രണ്ടിടത്ത് ടോള്‍ നല്‍കേണ്ടിവരുമെന്നും ഇത് അന്യായമാണെന്നും പൊതു ജനങ്ങള്‍ക്ക് ഇത് ദുരിതവും സാമ്പത്തിക ബാധ്യതയുമുണ്ടാക്കുമെന്നും അദ്ദേഹം സബ്മിഷനില്‍ വ്യക്തമാക്കി.
അതേസമയം ഇക്കാര്യം ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടായിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയ പാത ചട്ടപ്രകാരം ഒരേ ഭാഗത്തേക്കും, ഒരേ ദിശയിലുമായി രണ്ട് ടോള്‍ പ്ലാസകള്‍, സാധാരണയായി 60 കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ സ്ഥാപിക്കാന്‍ പാടില്ല എന്നുണ്ടെന്നും എന്നാല്‍ വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തില്‍, സവിശേഷ സാഹചര്യങ്ങളില്‍ 60 കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ ടോള്‍ പ്ലാസ സ്ഥാപിക്കാന്‍ നിര്‍വഹണ ഏജന്‍സിക്ക് അധികാരം ഉണ്ട് എന്നുമാണ് ദേശീയപാത അതോറിറ്റി മറുപടി നല്‍കിയതെന്നും മന്ത്രി പറഞ്ഞു. ക്രമീകരണം താല്‍ക്കാലിക സ്വഭാവമുള്ളതാണ് എന്നും, താല്‍കാലിക ടോള്‍ പ്ലാസ മുഖേന പൂര്‍ത്തിയായ 39 കിലോമീറ്റര്‍ ദൂരത്തിനു മാത്രമാണ് യൂസര്‍ ഫീ പിരിക്കുന്നത് എന്നും ചെങ്കള-നീലേശ്വരം സ്‌ട്രെച്ച് പൂര്‍ത്തിയായി കഴിഞ്ഞാല്‍, താല്‍ക്കാലിക ടോള്‍ പ്ലാസ പിന്‍വലിക്കുകയും നിയമപ്രകാരം സ്ഥലം കണ്ടെത്തി സ്ഥിരം പ്ലാസ സ്ഥാപിക്കുന്നതാണെന്നും അതോറിറ്റി അറിയിച്ചതായി മന്ത്രി മറുപടിയില്‍ വ്യക്തമാക്കി. . താല്‍കാലിക ടോള്‍ പ്ലാസ സ്ഥാപിക്കുന്നതിന് ഹൈക്കോടതിയും അനുമതി നല്‍കിയിട്ടുണ്ട് എന്നും ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്.ഹൈക്കോടതിയുടെ വിധി കൂടി ഉണ്ട് എന്നതിനാല്‍ പ്രായോഗികമായി ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്യാനാകുമോ എന്ന് ഒരിക്കല്‍ കൂടി പരിശോധിക്കാം. എന്താണ് ചെയ്യാനാവുക എന്നുള്ളത് ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇടപെടുമെന്നും മന്ത്രി ഉറപ്പുനല്‍കി