കോണ്‍ഗ്രസ് പഞ്ചായത്തംഗം RSS പരിപാടിയില്‍ പങ്കെടുത്തത് വിവാദമാകുന്നു; നടപടിക്ക് സാധ്യത

ദേലംപാടി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയായ എം.നളിനാക്ഷിയാണ് വിവാദത്തിലായത്

അഡൂര്‍: ദേലംപാടിയില്‍ കോണ്‍ഗ്രസ് വനിതാ പഞ്ചായത്തംഗം ആര്‍.എസ്.എസ് പരിപാടിയുടെ വേദി പങ്കിട്ടത് വിവാദമാകുന്നു. ദേലംപാടി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയായ എം.നളിനാക്ഷിയാണ് ഞായറാഴ്ച ദേലംപാടി കല്ലക്കട്ട ഗ്രൗണ്ടില്‍ നടന്ന ആര്‍.എസ്.എസ് പഥസഞ്ചലന പരിപാടിയില്‍ പങ്കെടുത്തത്. ആര്‍.എസ്.എസ് ദേലംപാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി നളിനിയാണ് ഉദ്ഘാടനം ചെയ്തത്. ദേലംപാടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് അംഗമാണ് നളിനി. പരിപാടിയില്‍ സംബന്ധിച്ച് സംസാരിച്ച മറ്റെല്ലാവരും ആര്‍.എസ്.എസ് നേതാക്കളാണ്.

അതേസമയം, നളിനാക്ഷിക്കെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് ദേലംപാടി മണ്ഡലം കമ്മിറ്റി ഡി.സി.സി പ്രസിഡന്റിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പാര്‍ട്ടിയുടെ മതേതരത്വ മുഖത്തിന് കളങ്കം വരുത്തുന്ന പ്രവര്‍ത്തനത്തിലേര്‍പെട്ട് ഗുരുതരമായ അച്ചടക്കലംഘനമാണ് നളിനിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് നടപടി ശുപാര്‍ശയില്‍ പറയുന്നതായാണ് സൂചന. അതേസമയം വ്യാഴാഴ്ച വൈകിട്ട് ദേലംപാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ടെന്നും ജില്ലാ കമ്മിറ്റി നേതാക്കള്‍ സംബന്ധിക്കുന്ന യോഗത്തില്‍ നടപടിയുണ്ടാകുമെന്നും ഒരു ഭാരവാഹി പറഞ്ഞു.

Related Articles
Next Story
Share it