ഷൂ ധരിച്ച് വന്നതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായി പരാതി

മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്

ഉപ്പള: ഷൂ ധരിച്ച് വന്നതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. മഞ്ചേശ്വരം പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരുന്നു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.

ക്ലാസ് കഴിഞ്ഞ് സ്‌കൂളിന് സമീപത്തെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ അതേ സ്‌കൂളിലെ പ്ലസ് ടുവിലെ നാല് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. നിന്നോടല്ലേ ഷൂ ധരിച്ച് സ്‌കൂളിലേക്ക് വരേണ്ടെന്ന് പറഞ്ഞ് ആക്രോശിക്കുകയും സംഘത്തിലെ ഒരാള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുഖത്തടിക്കുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മഞ്ചേശ്വരം പൊലീസ് അടിയേറ്റ വിദ്യാര്‍ത്ഥിയുടെ മൊഴിയെടുക്കുമെന്നും തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കുമെന്നുമാണ് അറിയുന്നത്.

Related Articles
Next Story
Share it