കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം തടഞ്ഞതോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും നടന്നത്‌

കാഞ്ഞങ്ങാട് : കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പില്‍ എം.പിയെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ശനിയാഴ്ച രാവിലെ 11.30 മണിയോടെയാണ് മാര്‍ച്ച് ആരംഭിച്ചത്. കോട്ടച്ചേരി പെട്രോള്‍ പമ്പ് കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനം പുതിയകോട്ടയില്‍ കാഞ്ഞങ്ങാട് നഗരസഭാ കാര്യാലയത്തിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.

ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം തടഞ്ഞതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും നടന്നു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസിനെയും ഡി.സി.സി വൈസ് പ്രസിഡണ്ട് വി.പി പ്രദീപ് കുമാറിനെയും കസ്റ്റഡിയിലെടുക്കാനുള്ള പൊലീസിന്റെ ശ്രമം പ്രവര്‍ത്തകര്‍ ചെറുത്തു. ഇതോടെ പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ തെരുവ് യുദ്ധം നടന്നു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. മാര്‍ച്ച് ജോമോന്‍ ജോസ് ഉദ്ഘാടനം ചെയ്തു. കെ.ആര്‍ കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു.

Related Articles
Next Story
Share it