കുമ്പള സ്‌കൂളില്‍ സംഘട്ടനം പതിവാകുന്നു; രണ്ട് വിദ്യാര്‍ത്ഥികളെ പുറത്തുനിന്നും വന്നവര്‍ മര്‍ദ്ദിച്ചു
വയറിന് അടിയേറ്റ വിദ്യാര്‍ത്ഥികള്‍ കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രാഥമിക ചികില്‍സ തേടി

കുമ്പള: കുമ്പള ഹൈസ്‌കൂളിലും ഹയര്‍ സെക്കണ്ടറി സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘട്ടനം പതിവാകുന്നു. പുറത്ത് നിന്നെത്തിയ രണ്ടുപേര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി പരാതി. വയറിന് അടിയേറ്റ വിദ്യാര്‍ത്ഥികള്‍ കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രാഥമിക ചികില്‍സ തേടി. തിങ്കളാഴ്ച ഉച്ചയോടെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് സമീപത്ത് ചേരി തിരിഞ്ഞ് സംഘട്ടനത്തിലേര്‍പ്പെട്ടിരുന്നു.
വൈകിട്ട് നാല് മണിക്ക് ഈ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സ്‌കൂള്‍ ഓഫീസില്‍ വെച്ച് അധ്യാപകര്‍ ചിലരുമായി സംസാരിക്കുന്നതിനിടെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഓഫീസിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചു. ഇതിനിടെ അടിയേറ്റ പത്താം തരത്തിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ സംഭവം നോക്കി നില്‍ക്കുന്നതിനിടെ പുറത്ത് നിന്നെത്തിയ രണ്ടുപേര്‍ ഈ രണ്ട് വിദ്യാര്‍ത്ഥികളെ യാതൊരു കാരണവുമില്ലാതെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. കുമ്പള സ്‌കൂളില്‍ അടിക്കടി നടക്കുന്ന വിദ്യാര്‍ത്ഥി സംഘട്ടനം കാരണം അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം കുമ്പള പൊലീസ് അന്വേഷിച്ചു വരുന്നു.