സീതാംഗോളിയില്‍ മദ്യപാനത്തിനിടെ സംഘട്ടനം; ഒരാള്‍ക്ക് കുത്തേറ്റു

ബദിയടുക്കയിലെ അനില്‍കുമാറിനാണ് കുത്തേറ്റത്

സീതാംഗോളി : സീതാംഗോളിയില്‍ മദ്യപാനത്തിനിടെ സംഘട്ടനം. ഒരാള്‍ക്ക് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ട നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ പൊലീസ് തിരയുന്നു. ബദിയടുക്കയിലെ അനില്‍കുമാറി(34)നാണ് കുത്തേറ്റത്. ഇദ്ദേഹത്തെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി 10.30 മണിക്ക് അനില്‍ കുമാറിന്റെ കൂടെ എത്തിയവരും കുതിരപ്പാടി സ്വദേശിയുടെ കൂടെ എത്തിയവരും സീതാംഗോളി ടൗണില്‍ വെച്ച് മദ്യപിച്ചിരുന്നു. ഇതിനിടെ ഇവര്‍ ചേരി തിരിഞ്ഞ് പരസ്പരം വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നാണ് സംഘട്ടനമുണ്ടായത്. പിന്നാലെ കൂട്ടത്തിലുണ്ടായിരുന്ന ഒരു യുവാവ് കൈയില്‍ കരുതി വെച്ച കത്തികൊണ്ട് അനില്‍ കുമാറിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. രാത്രി തന്നെ പൊലീസ് സംഭവസ്ഥലത്തെത്തുകയും നാല് പേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

Related Articles
Next Story
Share it