സീതാംഗോളിയില്‍ ഗുണ്ടാസംഘങ്ങള്‍ അഴിഞ്ഞാടുന്നു; യുവാവിന്റെ കഴുത്തില്‍ തുളച്ചുകയറിയ കത്തി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
ബദിയടുക്കയിലെ അനില്‍ കുമാറിന്റെ കഴുത്തിലാണ് കത്തി തുളച്ചു കയറിയത്

സീതാംഗോളി: സീതാംഗോളിയില്‍ ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുന്നു. ഇതോടെ ഗുണ്ടാസംഘങ്ങള്‍ക്കെതിരെ പൊലീസ് മുഖം നോക്കാതെ നടപടി തുടങ്ങി. കഴിഞ്ഞ ദിവസമുണ്ടായ സംഘട്ടനത്തിനിടെ യുവാവിന്റെ കഴുത്തില്‍ തുളച്ചു കയറിയ കത്തി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഞായറാഴ്ച രാത്രി 11 മണിയോടെ സീതാംഗോളിയില്‍ നടന്ന സംഘട്ടനത്തില്‍ ബദിയടുക്കയിലെ അനില്‍ കുമാറിന്റെ കഴുത്തിലാണ് കത്തി തുളച്ചു കയറിയത്. അനിലിനെ തുളച്ചു കയറിയ കത്തിയുമായി കുമ്പളയിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയിലെത്തിക്കുകയും തിങ്കളാഴ്ച ഉച്ചയോടെ ശാസ്ത്രക്രിയ വഴി പുറത്തെടുക്കുകയുമായിരുന്നു.
സംഘട്ടനത്തിനിടെ ഒരാള്‍ അനിലിന്റെ കഴുത്തിന് പിന്‍ഭാഗത്ത് കത്തി കൊണ്ട് ആഞ്ഞ് കുത്തുകയായിരുന്നു. കത്തിയുടെ മുക്കാല്‍ ഭാഗവും കഴുത്തില്‍ തുളച്ചു കയറിയിരുന്നു. സീതാംഗോളിയില്‍ നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട് കുമ്പള പൊലീസ് പതിമൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. മഹേഷ്, അക്ഷയ്, ബായി എന്നിവര്‍ക്കും കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കുമെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. സീതാംഗോളിയില്‍ ഇടക്കിടെ സംഘട്ടനം പതിവാണെന്ന് പൊലീസ് പറഞ്ഞു.
സീതാംഗോളിലെ ബിവറേജ് മദ്യശാലയില്‍ നിന്ന് മദ്യം വാങ്ങി സമീപത്ത് വെച്ച് തന്നെ കഴിച്ച് മദ്യപാനികള്‍ കുഴപ്പമുണ്ടാക്കുന്നു. ഒരുതവണ ബിവേറേജിന് സമീപത്ത് വെച്ച ബോര്‍ഡ് തല്ലി തകര്‍ക്കുകയും ഇതിനെ ചോദ്യം ചെയ്ത ജീവനക്കാരനെ അസഭ്യം പറയുകയും ചെയ്തിരുന്നു. ഒരു തവണ പൊലീസിന് നേരെയും അക്രമമുണ്ടായി. അഴിഞ്ഞാടുന്ന ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം.