ബസിന് മുന്നില്‍ ബൈക്കുകാരന്റെ പരാക്രമം; തെറിച്ച് വീണ് ബസ് യാത്രികര്‍ക്ക് പരിക്ക്

വൈദ്യുതി ജീവനക്കാരന്‍ ഓടിച്ച ബൈക്കില്‍ ബസ് ഉരസിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം

ഉപ്പള: ബസിന്റെ മുന്നില്‍ ബൈക്ക് കുറകെയിട്ട് വൈദ്യുതി ജീവനക്കാരന്റെ പരാക്രമം. ബസ് പൊടുന്നനെ നിര്‍ത്തുന്നതിനിടെ തെറിച്ച് വീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ ഉപ്പള സോങ്കാലിലാണ് സംഭവം. വൈകിട്ട് വൈദ്യുതി ജീവനക്കാരന്‍ ഓടിച്ച ബൈക്കില്‍ സ്വകാര്യ ബസ് ഉരസിരുന്നു. ഇതോടെ തര്‍ക്കം ഉണ്ടാവുകയും ഉപ്പളയില്‍ വെച്ച് പ്രശ്‌നത്തിന് പരിഹാരം കാണാം എന്ന് ബസ് കണ്ടക്ടര്‍ വൈദ്യുതി ജീവനക്കാരനോട് പറയുകയും ചെയ്തു. ഉപ്പളയില്‍ വെച്ച് കണ്ടക്ടര്‍ വൈദ്യുതി ജീവനക്കാരനെ കാത്തു നിന്നെങ്കിലും ജീവനക്കാരന്‍ എത്തിയില്ല.

ഇതിനിടെ ഉപ്പളയില്‍ നിന്ന് നിറയെ യാത്രക്കാരുമായി കന്യാലയിലേക്ക് പോകുകയായിരുന്ന ബസ് സോങ്കാലില്‍ എത്തിയപ്പോള്‍ ബൈക്കുമായി എത്തിയ ജിവനക്കാരന്‍ പെട്ടെന്ന് ബൈക്ക് ബസിന്റെ മുന്നില്‍ നിര്‍ത്തുകയായിരുന്നു. ബൈക്കില്‍ തട്ടാതിരിക്കാന്‍ ബസ് നിര്‍ത്തുന്നതിനിടെ യാത്രക്കാര്‍ ബസിനകത്ത് നിന്ന് തെറിച്ചു വീഴുകയും കുട്ടികളടക്കമുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഒരു മണിക്കൂറോളമാണ് ജീവനക്കാരന്‍ ബസിന്റെ മുന്നില്‍ പരാക്രമം കാട്ടിയത്. ഇതിനിടെ യാത്രക്കാരെ മറ്റൊരു ബസില്‍ നാട്ടുകാര്‍ കയറ്റി അയച്ചു. ഒടുവില്‍ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ.അനൂപ് കുമാറും സംഘവും എത്തി വൈദ്യുതി ജീവനക്കാരനെയും ബസിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Articles
Next Story
Share it