അടിയേറ്റ് പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവാവിനെ പരിശോധിക്കുന്നതിനിടെ വീണ്ടും അക്രമം; 'സ്റ്റൂള്‍ ഡോക്ടറുടെ കാലില്‍ വീണു'
സംഭവത്തില്‍ ഡോക്ടര്‍മാരും ജീവനക്കാരും പ്രതിഷേധിച്ചു

കാസര്‍കോട്: അക്രമത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവാവിനെ ആസ്പത്രിയിലെത്തിയും ആക്രമിച്ചതായി പരാതി. അക്രമത്തിനിടയില്‍ സ്റ്റൂള്‍ ഡോക്ടറുടെ കാലില്‍ വീണുവെന്ന് ആരോപിച്ച് ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു. വ്യാഴാഴ്ച ഉച്ചയോടെ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലാണ് സംഭവം.
വിദ്യാനഗറിന് സമീപത്തെ ശിഹാബാണ് അക്രമത്തില്‍ പരിക്കേറ്റ് ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടിയെത്തിയത്. കാഷ്വാലിറ്റിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ സ്‌നേഹ ഇയാളെ പരിശോധിച്ചുകൊണ്ടിരിക്കെ മുഹമ്മദ് ഷാനിദ് എന്ന ആളുടെ നേതൃത്വത്തിലെത്തിയ സംഘം ശിഹാബിന്റെ മുതുകിലേക്ക് ചവിട്ടിയെന്നും ചവിട്ടേറ്റ് ശിഹാബ് തെറിച്ചുവീണതോടെ ഇയാള്‍ ഇരുന്നിരുന്ന സ്റ്റൂള്‍ ഡോക്ടറുടെ കാലില്‍ വീഴുകയായിരുന്നുവെന്നുമാണ് ഡോക്ടര്‍മാരും ജീവനക്കാരും ആരോപിക്കുന്നത്. ഇതിനിടെ അക്രമം നടത്തിയവര്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ ഡോക്ടര്‍മാരും ജീവനക്കാരും പ്രതിഷേധിച്ചു.

