കാസര്‍കോട് ആസ്റ്റര്‍ മിംസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ആസ്റ്റര്‍ മിംസ് കാസര്‍കോട്ട് ആരംഭിക്കുന്നത് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാവുമെന്ന് പിണറായി വിജയന്‍

കാസര്‍കോട്: ആരോഗ്യ രംഗത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോടൊപ്പം സ്വകാര്യ മേഖലയുടെ സഹകരണവും കൂടി ഉറപ്പ് വരുത്തി മികച്ച ചികിത്സാ സൗകര്യങ്ങളാണ് സംസ്ഥാനത്ത് ലഭ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ എട്ടാമത്തെ ആസ്പത്രിയായ കാസര്‍കോട് ആസ്റ്റര്‍ മിംസ് മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രി ചെങ്കളയില്‍ വ്യാഴാഴ്ച രാവിലെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആസ്റ്റര്‍ മിംസ് കാസര്‍കോട്ട് ആരംഭിക്കുന്നത് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു മുഖ്യാതിഥിയായിരുന്നു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എ.കെ.എം അഷ്റഫ്, ഇ. ചന്ദ്രശേഖരന്‍, സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഫൗണ്ടറും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍, ഡയറക്ടര്‍ അനൂപ് മൂപ്പന്‍, സി.സി.ഒ ഡോ. അനൂപ് നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചീഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. സൂരജ് കെ.എം സ്വാഗതം പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യ മേഖലയെ പ്രകീര്‍ത്തിച്ച് കര്‍ണാടക മന്ത്രി
കാസര്‍കോട്: കേരളത്തിന്റെ ആരോഗ്യ മേഖലയെ പ്രകീര്‍ത്തിച്ച് കര്‍ണാടക ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു. ചെങ്കളയില്‍ ആസ്റ്റര്‍ മിംസ് ആസ്പത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയുടെ ആരോഗ്യ മേഖലയുടെ വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ മാതൃകയായി ഉയര്‍ന്നുവരാറുള്ളത് ആരോഗ്യ പരിപാലന രംഗത്ത് കേരളത്തിന്റെയും തമിഴ്നാടിന്റെയും നേട്ടങ്ങളാണ്. കേരളത്തിന്റെ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി പ്രകാശ് അഭിത്കര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
എയിംസ് കാസര്‍കോട്ട് വേണമെന്ന ആവശ്യമുയര്‍ത്തി എം.പി
കാസര്‍കോട്: കാസര്‍കോടിന്റെ ആരോഗ്യ മേഖല പൂര്‍ണ്ണമായ തോതിലെത്തണമെങ്കില്‍ എയിംസ് കാസര്‍കോട്ട് തന്നെ അനുവദിക്കണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. ചെങ്കളയില്‍ ആസ്റ്റര്‍ മിംസ് ആസ്പത്രിയുടെ ഉദ്ഘാടന ചടങ്ങിലെ പ്രസംഗത്തിലാണ് എം.പി കാസര്‍കോടിന്റെ ആരോഗ്യ മേഖലയുടെ അവസ്ഥയും എയിംസിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയത്.