ചേറ്റുകുണ്ടില്‍ ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിനിടെ ഹോട്ടലില്‍ തീപിടിത്തം
ചിത്താരി ചേറ്റുകുണ്ടിലെ മൂകാംബിക വനിതാ ഹോട്ടലിലാണ് തീ പിടിത്തമുണ്ടായത്

കാഞ്ഞങ്ങാട്: ചേറ്റുകുണ്ടില്‍ ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിനിടെ ഹോട്ടലില്‍ തീപിടിത്തം. ചിത്താരി ചേറ്റുകുണ്ടിലെ മൂകാംബിക വനിതാ ഹോട്ടലിലാണ് തീ പിടിത്തമുണ്ടായത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പുതിയ സിലിണ്ടര്‍ സ്ഥാപിക്കുമ്പോള്‍ ഗ്യാസ് പുറത്തേക്ക് തള്ളിയതോടെ സമീപത്തെ അടുപ്പില്‍ നിന്ന് സിലിണ്ടറിലേക്ക് തീ പടരുകയായിരുന്നു. തീ ആളിക്കത്തിയതോടെ തൊഴിലാളികള്‍ പുറത്തേക്കിറങ്ങിയോടി.
ഉടന്‍ തന്നെ അഗ്‌നി രക്ഷാസേനയെ വിവരം അറിയിച്ചു. കാഞ്ഞങ്ങാട് നിന്ന് അഗ്‌നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ സന്തോഷ് കുമാര്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ ഇ.ടി മുകേഷ്, എം. കെ ഷിജു, പി. അനിലേഷ്, ശ്രീദേവ്, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ഡ്രൈവര്‍മാരായ മിഥുന്‍ മോഹന്‍, പൃഥ്വിരാജ്, ഹോംഗാര്‍ഡുമാരായ കെ. വി രാമചന്ദ്രന്‍, രാഘവന്‍, ശ്രീജേഷ് എന്നിവര്‍ക്കൊപ്പം നാട്ടുകാരും തീ അണയ്ക്കാനെത്തി.

