ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡ് അടിപ്പാത; പ്രത്യക്ഷസമരത്തിന് കര്‍മസമിതി; ജനകീയ പ്രക്ഷോഭം 22ന്

ചെറുവത്തൂര്‍:: ചെറുവത്തൂരില്‍ നിന്ന് റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള വഴിയില്‍ ദേശീയപാത കടക്കാന്‍ നിര്‍മിച്ച അടിപ്പാതയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വീതിയും ഉയരവും കുറച്ച് നിര്‍മിച്ച അടിപ്പാത കഷ്ടിച്ച് കടന്നുപോകാവുന്ന തരത്തിലാണ് നിര്‍മിച്ചത്. ഇരുട്ട് നിറഞ്ഞ അടിപ്പാതയിലൂടെ രാത്രിയിലൂടെ പോകുന്നത് ഏറെ ഭീതിജനകമാണ്. ഗുഹയ്ക്ക് സമാനമായി നിര്‍മിച്ച അടിപ്പാത മാറ്റിപ്പണിയണമെന്നാണ് ഉയരുന്ന ആവശ്യം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കാര്‍ക്ക് സുരക്ഷാ ഭീഷണി കൂടിയാണിത്. അടിപ്പാത നിര്‍മിക്കുമ്പോള്‍ 9 മീറ്റര്‍ വീതിയിലും 5 മീറ്റര്‍ ഉയരത്തിലും ഗതാഗത സൗകര്യത്തോടെ അടിപ്പാത നിര്‍മിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാല്‍ നിര്‍മാണക്കമ്പനി ഇത് അവഗണിച്ച് ചെറിയ അടിപ്പാത പണിയുകയായിരുന്നു. അടിപ്പാത നിര്‍മിക്കണമെന്ന ആവശ്യവുമായി കര്‍മസമിതി ചെയര്‍മാനും ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ സി. വി പ്രമീളയുടെ നേതൃത്വത്തില്‍ എം.എല്‍.എക്കും ജില്ലാ കളക്ടര്‍ക്കും ഉള്‍പ്പെടെ നിവേദനം നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഡെപ്യൂട്ടി കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ നിര്‍മാണപ്രവൃത്തി പൂര്‍ത്തിയാക്കികഴിഞ്ഞു എന്നുള്ള മറുപടിയാണ് ദേശീയപാത അതോറിറ്റിയില്‍ നിന്നും നിര്‍മാണക്കമ്പനിയില്‍ നിന്നും ലഭിച്ചത്. ഇതിനെത്തുടര്‍ന്നാണ് പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ കര്‍മസമിതി തീരുമാനിച്ചത്. നിത്യേന നിരവധി യാത്രക്കാര്‍ കടന്നുപോകുന്ന അടിപ്പാതയിലൂടെ നിലവില്‍ ഇരുചക്ര വാഹനത്തിന് പോകാനുള്ള സൗകര്യം മാത്രമാണുള്ളത്. നേരത്തെ വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സ്ഥലം സന്ദര്‍ശിച്ചിരുന്നു