കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്ത് 3.68 ലക്ഷം രൂപ അയപ്പിച്ച് തട്ടിപ്പ്; കൊച്ചി സ്വദേശിക്കെതിരെ ബേക്കലില്‍ കേസ്
പള്ളിക്കര കോട്ടക്കുന്നിലെ മുഹമ്മദ് ഷമീമിന്റെ പണം തട്ടിയെടുത്തതിന് കൊച്ചി സ്വദേശി മെല്‍വിന്‍ ഗ്രിഗറി വര്‍ഗീസിനെതിരെയാണ് കേസെടുത്തത്

ഉദുമ: കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്ത് 3.68 ലക്ഷം രൂപ അയപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ബേക്കലില്‍ കേസ്. പള്ളിക്കര കോട്ടക്കുന്നിലെ മുഹമ്മദ് ഷമീമിന്റെ പണം തട്ടിയെടുത്തതിന് കൊച്ചി സ്വദേശി മെല്‍വിന്‍ ഗ്രിഗറി വര്‍ഗീസി(31)നെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. ബാങ്ക് അക്കൗണ്ടുപയോഗിച്ച് നടത്തുന്ന തട്ടിപ്പുകള്‍ തടയാന്‍ കഴിഞ്ഞമാസം 30ന് നടത്തിയ ഡിവൈ ഹണ്ട് പരിശോധനയില്‍ കൊച്ചിന്‍ സിറ്റി സൈബര്‍ സെല്ലില്‍ നിന്ന് മെല്‍വിന്റെ ബാങ്ക് അക്കൗണ്ടിനെക്കുറിച്ച് വിവരം ലഭിച്ചിരുന്നു.
ജോലി അന്വേഷിച്ചുനടക്കുന്നതിനിടെയാണ് മെല്‍വിന്‍ തട്ടിപ്പുകാരുമായി ബന്ധം സ്ഥാപിച്ചത്. ബാങ്ക് അക്കൗണ്ട് എടുത്ത് നല്‍കിയാല്‍ ദിവസവും 4000രൂപ വരെ ലഭിക്കുമെന്ന് സംഘം മെല്‍വിനോട് പറഞ്ഞു. ഇതോടെ മെല്‍വിന്‍ രേഖകള്‍ നല്‍കി ബാങ്ക് അക്കൗണ്ട് തുറക്കുകയായിരുന്നു. കൂടുതല്‍ ലാഭം കിട്ടുമെന്ന് കരുതി മുഹമ്മദ് ഷമീം ഈ അക്കൗണ്ടിലേക്ക് പണമയച്ചു.
ഇത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മെല്‍വിനെതിരെ കേസെടുത്തത്. മെല്‍വിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കഴിഞ്ഞ 30ന് തോപ്പുംപടി എസ്.ഐ അനന്തു രമേശ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ബേക്കല്‍ പൊലീസിന് കൈമാറുകയായിരുന്നു.

