വി.എസിനൊപ്പമുള്ള ചിത്രീകരണ അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് ചന്ദ്രു വെള്ളരിക്കുണ്ട്

കാസര്‍കോട്് : വി.എസ് അച്യുതാനന്ദനെ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിച്ച ഓര്‍മ്മകളുമായി ഷോര്‍ട്ട്ഫിലിം ഡോക്യുമെന്ററി സംവിധായന്‍ ചന്ദ്രു വെള്ളരിക്കുണ്ട്. 2018ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ് ചെയ്ത 'അരികുജീവിതങ്ങള്‍' എന്ന ഡോക്യുമെന്ററി ചിത്രത്തിലൂടെയാണ് വി.എസ് അച്യുതാനന്ദന്‍ ക്യാമറയ്ക്ക് മുന്നിലെത്തിയത്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതം പേറുന്ന കുഞ്ഞുങ്ങളുടെ ദയനീയ ജീവിതം പുറംലോകത്ത് എത്തിച്ച ഡോക്യുമെന്ററിയായിരുന്നു ഹരി കുമ്പളയുടെ രചനയില്‍ ചന്ദ്രു സംവിധാനം ചെയ്ത 'അരികുജീവിതങ്ങള്‍'. എഴുത്തുകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാട്, എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു രണ്ട് വര്‍ഷത്തോളം നീണ്ട ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 2017ല്‍ അന്നത്തെ ഭരണപരിഷ്‌ക്കാര ചെയര്‍മാന്‍ ആയിരുന്ന വി.എസ് അച്ചുതാനന്ദന്റെ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസില്‍ വച്ചായിരുന്നു അദ്ദേഹം ഉള്‍പ്പെടുന്ന ഭാഗം ചിത്രീകരിച്ചത്. 2018ല്‍ തിരുവനന്തപുരത്ത് വച്ച് നടന്ന ഡോക്യുമെന്ററിയുടെ പ്രകാശന ചടങ്ങിലും വി.എസ് പങ്കെടുത്തു. തുടര്‍ന്ന് നടന്ന പ്രദര്‍ശനത്തില്‍ ചിത്രം മുഴുവന്‍ കണ്ട ശേഷം അണിയറ പ്രവര്‍ത്തകരെ മുഴുവന്‍ അഭിനന്ദിക്കുകയും ചെയ്തിട്ടാണ് അദ്ദേഹം തിരിച്ചു പോയതെന്ന് സംവിധായകന്‍ ചന്ദ്രു ഓര്‍ത്തെടുക്കുന്നു.
റോട്ടറി ഇന്റര്‍നാഷണലിന്റെ സംസ്ഥാനതല പുരസ്‌ക്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ കൂടിയായ ഹരി കുമ്പളയും ചന്ദ്രുവും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുഞ്ഞുങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ച് രണ്ട് വര്‍ഷത്തോളം സമയമെടുത്താണ് ഡോക്യുമെന്ററി ചെയ്യാനുള്ള തയ്യാറെടുപ്പ് നടത്തിയത്. ജീവകാരുണ്യ പ്രവര്‍ത്തകനായ ഡോ. ഷാഹുല്‍ ഹമീദാണ് നിര്‍മ്മാണം. ഛായാഗ്രഹണം ഷിജു നൊസ്റ്റാള്‍ജിയ. എഡിറ്റിംഗ് വിശ്വന്‍ പെരികമന, അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് അമ്പലത്തറ. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര നേതാവ് മുനീസ അമ്പലത്തറയുടെ ജീവിതാനുഭവങ്ങളിലൂടെയാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. അമ്പലത്തറ സ്‌നേഹ വീട്ടിലെ കുട്ടികളും ഡോക്യുമെന്ററിയുടെ ഭാഗമായി.
ഒട്ടേറെ സമര പോരാട്ടങ്ങളിലൂടെ കേരള രാഷ്ട്രീയ ചരിത്രത്തില്‍ പകരം വെക്കാനില്ലാത്ത നേതാവും മികച്ച ഭരണകര്‍ത്താവുമായിരുന്ന വി.എസിനെ പോലുള്ള ഒരാളെ ക്യാമറയ്ക്ക് മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞത് അഭിമാന നിമിഷമായി കാണുന്നുവെന്ന് ചന്ദ്രു വെള്ളരിക്കുണ്ട് പറഞ്ഞു. ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയ 'വധു വരിക്കപ്ലാവ്' എന്ന ഷോര്‍ട്ട്ഫിലിമിന്റെ തിരക്കഥ സംവിധാനം നിര്‍വ്വഹിച്ച ചന്ദ്രു വെള്ളരിക്കുണ്ട് മലയാള സിനിമയില്‍ സഹ സംവിധായകനായും പ്രവര്‍ത്തിച്ച് വരുന്നു.