ബൈക്കിനെ മറികടക്കുന്നതിനിടെ കേന്ദ്രസര്‍വകലാശാലയുടെ ബസ് മണ്‍തിട്ടയിലിടിച്ചു; വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

ബൈക്ക് യാത്രക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു

കാഞ്ഞങ്ങാട്: ബൈക്കിനെ മറികടക്കുന്നതിനിടെ കേന്ദ്ര സര്‍വകലാശാലയുടെ ബസ് റോഡരികിലെ മണ്‍തിട്ടയിലിടിച്ച് വിദ്യാര്‍ത്ഥികളക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് 5.40 മണിയോടെ ചാലിങ്കാല്‍ രാവണേശ്വരം റോഡ് ജംഗ്ഷനിലാണ് അപകടം. ബൈക്ക് ബസിനടിയില്‍പെട്ടു. ബൈക്ക് യാത്രക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു.

വിദ്യാര്‍ത്ഥികളായ സുമിത്രന്‍, അരുണ്‍ ഘോഷ്, നാഗരാജ്, ശ്രീലേഖ, ബസിലെ മറ്റ് യാത്രക്കാരായ രാജശ്രീ(41), നിഖില(33), സൂര്യ(37), അരുണിമ(20), ദില്‍ന(25), ശ്രീകല(27), അഞ്ജന(22), അര്‍പ്പണ(23), തൃക്കരിപ്പൂരിലെ റീജരാജ്(21), കരിവേടകത്തെ ഹരീഷ്(35), ആമിന(30), നാഗരാജ്(45), അരുണ്‍ ജോസ്(48), ബൈക്ക് യാത്രക്കാരായ അരുണ്‍, ബില്ല എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാവുങ്കാലിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 18 പേര്‍ക്ക് നിസാര പരിക്കേറ്റു. ഇവര്‍ സ്വകാര്യാസ്പത്രിയിലും ജില്ലാ ആസ്പത്രിയിലും ചികിത്സ തേടി.

ചാലിങ്കാല്‍ രാവണീശ്വരം ജംഗ്ഷനില്‍ അപകടം പതിവാകുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഈ ഭാഗത്ത് ദേശീയപാത കരാര്‍ കമ്പനി അശാസ്ത്രീയമായാണ് റോഡ് പ്രവൃത്തി നടത്തിയതെന്ന് ആക്ഷേപമുണ്ട്. രാവണീശ്വരം ഭാഗത്തേക്കുള്ള റോഡ് ഉയരം കൂട്ടിയതും അപകടത്തിന് കാരണമാകുന്നു.

Related Articles
Next Story
Share it