നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നും പെട്രോള്‍ ഊറ്റിയെടുത്ത കേസ്; കസ്റ്റഡിയിലെടുത്ത പ്രതി രക്ഷപ്പെട്ടു, പിന്തുടര്‍ന്ന് പിടികൂടി പൊലീസ്

പേരാല്‍ നിരോളിലെ കെ.പി.റുമൈസ് ആണ് രക്ഷപ്പെട്ടത്

കുമ്പള: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നും പെട്രോള്‍ ഊറ്റിയെടുത്ത കേസില്‍ കസ്റ്റഡിലെടുത്ത പ്രതി സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു. രണ്ട് മണിക്കൂറിനകം പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. പേരാല്‍ നിരോളിലെ കെ.പി.റുമൈസ് (21) ആണ് രക്ഷപ്പെട്ടത്. കൂട്ടുപ്രതിയായ റിസ് വാന് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്കിങ്ങ് സ്ഥലത്ത് നിര്‍ത്തിയിടുന്ന ഇരുചക്ര വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ കളവ് പോകുന്നത് നിത്യ സംഭവമാണ്. ഇതുസംബന്ധിച്ച് കുമ്പള പൊലീസിന് നിരവധി പരാതികളാണ് ദിവസേന ലഭിക്കുന്നത്. കുമ്പള അഡിഷണല്‍ എസ്.ഐ. സി. പ്രദീപ് കുമാറിന്റെ നേതൃത്ത്വത്തിലുള്ള സംഘം ഇതേകുറിച്ചുള്ള അന്വേഷണം നടത്തുന്നതിനിടെയാണ് തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ റെയിവേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് രണ്ട് പേര്‍ പെട്രോള്‍ ഊറ്റുന്നത് കാണാനിടയായത്.

ഇവരെ പിടികൂടുന്നതിനിടെ റിസ് വാന്‍ പൊലീസിനെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയും കൂടെയുണ്ടായിരുന്ന കെ.പി. റുമൈസിനെ കസ്റ്റഡിലെടുക്കുകയുമായിരുന്നു. സ്റ്റേഷനിലേക്ക് കൊണ്ടുവന്ന റുമൈസ് ഇതിനിടെ പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് വ്യാപകമായ അന്വേഷണം നടത്തുന്നതിനിടെ രണ്ട് മണിക്കൂറിന് ശേഷം കുമ്പള ഭസ്‌ക്കര നഗറില്‍ വെച്ച് പിടികൂടുകയും സ്റ്റേഷനിലെത്തിക്കുകയും ചെയ്തു.

Related Articles
Next Story
Share it