യഥാര്‍ത്ഥ അപകടം മറച്ച് മറ്റൊരു അപകടം നടന്നതായി വ്യാജ ഹരജി; യുവതിക്കെതിരെ കേസ്

ആള്‍മാറാട്ടം നടത്തി കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നതിന് വടകര മുക്കിലെ പി. അനീസക്കെതിരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച് അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട് ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ആള്‍മാറാട്ടം നടത്തി കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നതിന് വടകര മുക്കിലെ പി. അനീസ(42) ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.

അനീസയുടെ ബന്ധുവായ 13 കാരനാണ് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയത്. ഇത് അപകടത്തില്‍ പെടുകയും ചെയ്തിരുന്നു. 2024 നവംബര്‍ 17 നാണ് സംഭവം.13 കാരന് സ്‌കൂട്ടി അപകടത്തില്‍ പരിക്ക് പറ്റിയതായി കാണിച്ച് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. ഈ ഹരജിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരുന്നു. പുഞ്ചാവിയിലെ യുവാവ് കുട്ടിയെ പിറകിലിരുത്തി വടകര മുക്ക് ഭാഗത്ത് നിന്നും സദ്ദാം മുക്ക് ഭാഗത്തേക്ക് പോകുമ്പോള്‍ അപകടത്തില്‍പ്പെട്ടു എന്നായിരുന്നു പരാതി. പെട്ടെന്ന് ബ്രേക്കിട്ടതിനാല്‍ റോഡിലേക്ക് തെറിച്ചു വീണ് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റെന്നും സൂചിപ്പിച്ചിരുന്നു.

ഈ ഹരജിയില്‍ കേസെടുക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് കേസെടുത്തു. തുടര്‍ അന്വേഷണത്തില്‍ ആസ്പത്രി രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചപ്പോള്‍ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. കുട്ടി ഓടിച്ചു പോകുന്നതിനിടെ വീട്ടുമതിലില്‍ ഇടിച്ച് ഇടതുകാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു എന്നും അന്വേഷണത്തില്‍ കണ്ടെത്തി.

അപകട ഇന്‍ഷുറന്‍സ് കിട്ടില്ലെന്നതിനാലാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് മറ്റൊരു അപകടമാണെന്ന് ചൂണ്ടിക്കാട്ടിയത്. തുടര്‍ന്നാണ് യുവതിക്കെതിരെ കേസെടുത്തത്. വ്യാജ പരാതി വഴി എടുത്ത കേസ് റദ്ദ് ചെയ്യാന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it