പി.എസ്.സി പരീക്ഷ മാറ്റിയതറിഞ്ഞില്ല; അതിരാവിലെയെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ വലഞ്ഞു

കാസര്‍കോട്: പി.എസ്.സി പരീക്ഷ മാറ്റിയതറിയാതെ അതിരാവിലെ പരീക്ഷാ സെന്ററിലെത്തിയ നൂറിലധികം ഉദ്യോഗാര്‍ത്ഥികള്‍ വലഞ്ഞു. വനിത ശിശു വികസന വകുപ്പ് കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് തിരിച്ചടിയായത്. ചൊവ്വാഴ്ച രാവിലെ 7 മുതല്‍ 8.30 വരെയായിരുന്നു പരീക്ഷാ സമയം. ആദ്യം ലഭിച്ച പ്രവേശന ടിക്കറ്റുമായി ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതാനെത്തുകയായിരുന്നു. കാസര്‍കോട് തളങ്കര മുസ്ലീം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് കൂടുതല്‍ പേരും എത്തിയത്. മലയോരത്തുനിന്ന് ഉള്‍പ്പെടെ ഏറെ ബുദ്ധിമുട്ടി എത്തിയവര്‍ സ്‌കൂള്‍ ഗേറ്റ് തുറക്കാതെ വന്നപ്പോള്‍ അന്വേഷിച്ചപ്പോഴാണ് പരീക്ഷ മാറ്റിയത് അറിഞ്ഞത്. ഇതോടെ ഉദ്യോഗാര്‍ത്ഥികള്‍ നിരാശരായി മടങ്ങുകയായിരുന്നു. അതിരാവിലെയുള്ള പരീക്ഷ ആയതിനാല്‍ പലരും പ്രത്യേകം വാഹനങ്ങളിലൊക്കെയാണ് എത്തിയത്.

സാധാരണ പി.എസ്.സി പരീക്ഷ മാറ്റിവെച്ചാല്‍ ഫോണില്‍ സന്ദേശമായോ പി.എസ്.സി പ്രൊഫൈലില്‍ അറിയിപ്പായോ ലഭിക്കാറുണ്ടെന്നും പരീക്ഷ മാറ്റിവെച്ചത് സംബന്ധിച്ച് അറിയിപ്പ് തിങ്കളാഴ്ച രാത്രി വരെ വന്നില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍ പി.എസ്.സി സൈറ്റില്‍ പരീക്ഷ മാറ്റിവെച്ച വിവരം അറിയിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗികമായി ലഭിച്ച വിവരം. ഇത് ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയില്‍പ്പെടാതെ പോവുകയായിരുന്നു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it