സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണ ഫ് ളക്സ് ബോര്‍ഡുകള്‍ എടുത്തുകൊണ്ടുപോയി; കൗണ്‍സിലര്‍ ഉള്‍പ്പെടെ 2 പേര്‍ക്കെതിരെ കേസ്

രണ്ട് ദിവസം മുമ്പ് ചേടീറോഡിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ.പി.രാമന്റെ മതിലില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളാണ് നിമിഷങ്ങള്‍ക്കകം അപ്രത്യക്ഷമായത്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ 22ാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഭാരതിയുടെ തിരഞ്ഞെടുപ്പ് പ്രചരണ ഫ് ളക്സ് ബോര്‍ഡുകള്‍ രാത്രിയുടെ മറവില്‍ എടുത്തുകൊണ്ടുപോയ സംഭവത്തില്‍ നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ കേസ്.

കോണ്‍ഗ്രസ് 22ാം വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ട് ഉപ്പിലിക്കൈയിലെ ചാപ്പയില്‍ പ്രസാദിന്റെ പരാതിയില്‍ കൗണ്‍സിലര്‍ എന്‍.വി.രാജനും പുതുക്കൈയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ പ്രകാശനുമെതിരെയാണ് ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തത്. രണ്ട് ദിവസം മുമ്പ് ചേടീറോഡിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ.പി.രാമന്റെ മതിലില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളാണ് നിമിഷങ്ങള്‍ക്കകം അപ്രത്യക്ഷമായത്.

സംശയം തോന്നിയ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിയപ്പോള്‍ രാജന്റെ കടയ്ക്കുള്ളില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ കണ്ടെത്തി. യു.ഡി.എഫ് പ്രവര്‍ത്തകരെ കണ്ടപ്പോള്‍ രാജനും പ്രകാശനും ഓടി രക്ഷപ്പെട്ടു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ചേടീറോഡിലും പരിസരത്തും സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് ബോര്‍ഡുകള്‍ മോഷ്ടിച്ചതിന് പിന്നിലെന്ന് പ്രസാദ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Related Articles
Next Story
Share it